കുന്ദാപുരത്ത് കാർ മേൽപ്പാലത്തിൽനിന്ന് വീണ് അപകടം; ചൊക്ലി സ്വദേശികളായ ദമ്പതികള്‍ മരിച്ചു


ചൊക്ലി: മംഗലാപുരത്തിനടുത്ത് കുന്ദാപുരത്തുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. ചൊക്ലി നിടുമ്പ്രം കാരാറത്ത് സ്‌ക്കൂളിന് സമീപം അല്‍ മര്‍വ്വയില്‍ തൈപ്പറമ്പത്ത് മുനവര്‍(48), ഭാര്യ തലശ്ശേരി സൈദാര്‍പള്ളിയില്‍ അബ്ദുള്ളാസില്‍ സമീറ(38) എന്നിവരാണ് മരിച്ചത്.

ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന മകന്‍ സഹല്‍ ഗുരുതരമായി പരിക്കേറ്റ് മണിപ്പാല്‍ കെഎംസി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

പെരുന്നാള്‍ ആഘോഷിക്കാനായി മഹാരാഷ്ട്രയില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ ചൊവ്വാഴ്ച പകലാണ് സംഭവം. മുനവര്‍ ഓടിച്ച കാര്‍ കുന്ദാപുരം മേല്‍പ്പാലത്തില്‍ നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ സമീറ മരിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയാണ് മുനവര്‍ മരിച്ചത്‌.

മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ മീരേജില്‍ ബോംബെ സ്റ്റാര്‍ ബേക്കറി നടത്തുകയാണ് മുനവര്‍. കോയമ്പത്തൂരിൽ വിദ്യാർഥിനിയായ മിനാ ഫാത്തിമ മകളാണ്. പരേതരായ ദയരോത്ത് ഹംസയുടെയും തൈപ്പറവത്ത് ആസ്യയുടെയും മകനാണ് മുനവര്‍. തലശ്ശേരി സൈദാർപള്ളിയിലെ അബ്ദുള്ളാസിൽ ചെറിയാണ്ടി അബ്ദുള്ളയുടെയും പരേതയായ കൈതാൽ ഹാജറയുടെയും മകളാണ് സമീറ.