കോഴിക്കോടിനും ഏലൂരിനുമൊപ്പം പുരസ്‌കാര നിറവില്‍ വടകരയും; മികച്ച ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പഞ്ചായത്തായി വടകര


വടകര: സാമുഹ്യനീതിവകുപ്പിന്റെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തായി കോഴിക്കോടും മികച്ച ബ്ലോക്ക് പഞ്ചായത്തായി വടകരയും മികച്ച നഗരസഭയായി ഏലൂരുമാണ് തിരഞ്ഞെടുത്തത്. തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളവും മലപ്പുറത്തെ പുല്‍പ്പറ്റയുമാണ് മികച്ച ഗ്രാമപഞ്ചായത്തുകള്‍.

കൊയിലാണ്ടിയിലെ നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആണ് മികച്ച പുനരധിവാസകേന്ദ്രം. ഡിസംബര്‍ 26ന് രാവിലെ 10.30ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും. ക്യാഷ് അവാര്‍ഡും കീര്‍ത്തിഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

2022ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 913-ാം റാങ്ക് നേടിയ വയനാട് സ്വദേശി ടി.കെ ഷെറിന്‍ ഷഹാന, ഭിന്നശേഷിക്കാര്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ പോരാടുന്ന മലപ്പുറം സ്വദേശി അമല്‍ ഇക്ബാല്‍, മൈന്‍ഡ്ട്രസ്റ്റിലെ അംഗവും അവതാരികയുമായ തൃശ്ശൂര്‍ സ്വദേശി അനിഷ അഷ്‌റഫ് എന്നിവര്‍ക്കാണ് മാതൃകാവ്യക്തിത്വങ്ങള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍.

ഭിന്നശേഷി സൗഹൃദ വിനോദ കേന്ദ്രമായി തൃശ്ശൂര്‍ ഇരിങ്ങാലക്കുട കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍, മികച്ച സ്ഥാപനമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങ്(നിഷ്) എന്നിവ അര്‍ഹമായി. തവനൂരിലെ പ്രതീക്ഷഭവനാണ് മികച്ച ഭിന്നശേഷിസൗഹൃദ ക്ഷേമസ്ഥാപനം.