കീശ കാലിയാകാതെ നോക്കിക്കോ! എഐ ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു


കോഴിക്കോട്: വിവാദങ്ങള്‍ക്കിടെ സംസ്ഥാനത്ത് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ക്യാമറയില്‍ ചിത്രങ്ങള്‍ പതിഞ്ഞാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സംസ്ഥാന – ജില്ല കണ്‍ട്രോള്‍ റൂമിലാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232. 25 കോടി രൂപ ഉപയോഗിച്ച് കെല്‍ട്രോണ്‍ വഴിയാണ് എഐ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്ന രീതിക്ക് ഇതോടെ അവസാനമാവുകയാണ്.

അമിത വേഗത്തിന് 1500 രൂപയും, സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്രയ്ക്ക് 500 രൂപയും, ബൈക്കില്‍ മൂന്ന് പേര്‍ യാത്ര ചെയ്താല്‍ 1000 രൂപയും, അനധികൃത പാര്‍ക്കിങ്ങിന് 250 രൂപയും, ഹെല്‍മറ്റില്ലാതെ യാത്ര ചെയതാല്‍ 500 രൂപയുമാണ് പിഴയായി വാങ്ങുന്നത്.

അതേ സമയം ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി യാത്ര അനുവദിക്കില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിന് നല്‍കിയ മറുപടിയില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വിവാദങ്ങളുണ്ടായതും ഈ വിഷയത്തിലായിരുന്നു. പത്ത് വയില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ ഇളവ് അനുവദിക്കണമെന്നായിരുന്നു എളമരം കരീം ആവശ്യപ്പെട്ടത്. അതോടൊപ്പം തന്നെ വിഐപികളില്‍ നിന്നും പിഴ ഈടാക്കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെ വലിയ രീതിയല്‍ ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്.

പരീക്ഷണാടിസ്ഥാനത്തില്‍ എഐ ക്യാമാറകള്‍ പരിശോധിച്ചപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ ഒരു ദിവസം അര ലക്ഷത്തോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 726 ക്യാമറകളില്‍ 675 ക്യാമറകള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, ഹെല്‍മറ്റ് ഉപയോഗിക്കാതെയുള്ള യാത്ര, അപകടം ഉണ്ടാക്കിയതിനുശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിടികൂടാന്‍ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ള ക്യാമറയില്‍ 25 എണ്ണം അനധികൃത പാര്‍ക്കിങ്ങ് പിടികൂടാനാണ് ഉപയോഗിക്കുന്നത്. അമിത വേഗത്തില്‍ പോകുന്ന യാത്രക്കാരെ കണ്ടുപിടിക്കാന്‍ നാല് ഫിക്‌സഡ് ക്യാമറകളുണ്ട്. റെഡ് ലൈറ്റ് അവഗണിച്ചു യാത്ര തുടരുന്ന യാത്രക്കാരെ പിടികൂടാന്‍ 18 ക്യാമറകളും ഉണ്ട്.