മോഷ്ടിച്ച ഓട്ടോയുമായി പോവുന്നതിനിടെ മടപ്പള്ളിയില്‍ വെച്ച് അപകടം; പ്രതി പിടിയില്‍


മാഹി: മോഷ്ടിച്ച ഗുഡ്‌സ് ഓട്ടോയുമായി കടന്നു കളയുന്നതിനിടെ അപകടമുണ്ടായതിനെ തുടര്‍ന്ന് മോഷ്ടാവ് പിടിയിലായി. കോഴിക്കോട് കുണ്ടുങ്ങല്‍ മമ്മദാജി പറമ്പില്‍ എന്‍.വി ഹൗസിലെ എന്‍.വി താഹറാണ് ചോമ്പാല പോലീസിന്റെ പിടിയിലായത്.

ശനിയാഴ്ച വൈകിട്ട് മാഹി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട സുനില്‍ കുമാര്‍ എന്നയാളുടെ ഗുഡ്‌സ് ഓട്ടോ ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. ഓട്ടോ മോഷണം പോയതോടെ സുനില്‍ ചോമ്പാല പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെയാണ് മടപ്പള്ളിയില്‍ വച്ച് ഡിവൈഡറില്‍ തട്ടി ഓട്ടോ അപകടത്തില്‍ പെട്ടത്. അപകടമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. താഹറിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ചോമ്പാല സി.ഐ കെ. അജിത് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ എം. പ്രശോഭ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി.കെ. അനന്തൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്‌.