മാഹിയില്‍ നിന്നും വില്‍പനക്കായി മദ്യക്കടത്ത്; 35 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍


നാദാപുരം: മാഹിയില്‍ നിന്ന് വില്‍പനക്കായി കടത്തുകയായിരുന്ന വിദേശ മദ്യവുമായി ബംഗാള്‍ സ്വദേശി എക്‌സൈസ് പിടിയില്‍. പശ്ചിമ ബംഗാള്‍ മുര്‍ഷിദബാദ് സ്വദേശി ഇസ്രായില്‍ അന്‍സാരി (27) യെയാണ് നാദാപുരം അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി മുരളിയും സംഘവും അറസ്റ്റ് ചെയ്തത്.

പ്രതിയില്‍ നിന്ന് 35 കുപ്പി (7.900 ലിറ്റര്‍) പുതുച്ചേരി നിര്‍മിത വിദേശ മദ്യം പിടികൂടി. തലശേരി – പെരിങ്ങത്തൂര്‍ സംസ്ഥാന പാതയില്‍ കായപ്പനച്ചി ബസ് സ്റ്റോപ്പ് പരിസരത്ത് നിന്നാണ് പ്രതി പിടിയിലായത്.

മലപ്പുറം കുറ്റിപ്പുറം ഭാഗത്തേക്ക് വില്‍പനക്ക് കൊണ്ട് പോവുകയായിരുന്നു മദ്യമെന്ന് പ്രതി എക്‌സൈസിന് മൊഴി നല്‍കി. പ്രിവന്റീവ് ഓഫീസര്‍ എ.കെ ശ്രീജിത്ത്, സിഇഒമാരായ കെ.കെ ജയന്‍, ഇ.വി രജിലാഷ്, എന്‍.കെ നിഷ, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ പങ്കെടുത്തു.