‘വടകരയിലെ വ്യാപാരവളര്‍ച്ചയ്ക്ക് അനുകൂലസാഹചര്യം ഒരുക്കുക’; നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ചുമായി വ്യാപാരികള്‍


വടകര: വ്യാപാരമേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ചുമായി വ്യാപാരികള്‍. വടകര നഗരസഭാ ഓഫീസിലേക്ക് മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് അസോസിയേഷന്‍ പ്രസിഡന്റ് എം അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്തു. പി എഖാദര്‍ അധ്യക്ഷത വഹിച്ചു.

വടകരയിലെ വ്യാപാരവളര്‍ച്ചയ്ക്ക് അനുകൂലസാഹചര്യം ഒരുക്കുക, നഗരസഭാ കെട്ടിടത്തില്‍ വ്യാപാരം ചെയ്യുന്നവരുടെ അന്യായ വാടകവര്‍ധന പിന്‍വലിക്കുക, ഹരിതകര്‍മസേനയുടെ സേവനം ആവശ്യമുള്ളവരില്‍ നിന്നുമാത്രം യൂസര്‍ ഫീ ഈടാക്കുക, വഴിവാണിഭവ്യാപാരത്തിന് പ്രത്യേകസ്ഥലം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

വില്യാപ്പള്ളി, ഓര്‍ക്കാട്ടേരി, വളയം, ആയഞ്ചേരി, കുറ്റ്യാടി തുടങ്ങി വിവിധ മേഖലകളിലും വ്യാപാരികളുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടന്നു.