വീൽചെയറുകൾ, വാട്ടർ ബെഡ്ഡുകള്‍ തുടങ്ങി ഭിന്നശേഷിക്കാര്‍ക്ക് വിതരണം ചെയ്തത് ഒന്നര ലക്ഷത്തിന്റെ മെഡിക്കല്‍  ഉപകരണങ്ങള്‍;  ‘പ്രഭ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വടകരയില്‍ നടന്നു


വടകര: പൊതു വിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം കോഴിക്കോട് ജില്ലാ വടകര ക്ലസ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാരായവർക്ക് വിവിധ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ‘പ്രഭ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് വടകര ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

പദ്ധതിയുടെ ഭാഗമായി വീൽചെയറുകൾ, വാട്ടർ ബെഡ്ഡുകൾ , ബിപി അപ്പാരറ്റസ്, ജെൽ പാക്ക്സ്, സ്റ്റതസ്കോപ്പ്, എയർ സൈക്കിൾ, വാക്കർ, ഊന്നുവടി , എക്സർസൈസ് ടേബിൾ, ഹിയറിങ് എയ്ഡ് ബാറ്ററികൾ തുടങ്ങി ഒന്നര ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് നൂറോളം ഗുണഭോക്താക്കൾക്കായി വിതരണം ചെയ്തത്. വളർന്ന് വരുന്ന തലമുറയിൽ സൃഷ്ടിക്കേണ്ട നന്മയുടെ അവബോധമാണ് പ്രഭ പദ്ധതിയിലൂടെ പകർന്ന് നൽകുന്നതെന്നും സാമൂഹ്യ സേവനത്തിനുള്ള ത്യാഗ നിർഭരമായ സന്നദ്ധത ഇതുവഴി പ്രകടമാക്കാൻ സാധിക്കുമെന്നും ഉദ്ഘാടന വേദിയില്‍ മന്ത്രി പറഞ്ഞു. പരിപാടിയില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

വടകര മേഖലാ ഡെപ്യൂട്ടി ഡയറക്ടർ എം.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച പരിപാടിയില്‍ എൻ.എസ്.എസ് പ്രാേഗ്രാം കോർഡിനേറ്റർ ഡോ.ജേക്കബ് ജോൺ മുഖ്യ പ്രഭാഷണം നടത്തി. എന്‍.എസ്.എസ് വടകര ക്ലസ്റ്റർ കോഡിനേറ്റർ കെ.ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ അജിത ചീരാംവീട്ടിൽ, എൻ.എസ്.എസ് ആർ.പി സി.മനോജ് കുമാർ കണിച്ചുകുളങ്ങര, ശ്രീനാരായണ എച്ച്. എസ് എസ് മാനേജർ കെ.കെ.ജനാർദ്ദനൻ, ശ്രീ നാരായണ എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ദിനേശ് കരുവാങ്കണ്ടി, വടകര ക്ലസ്റ്ററിലെ വിവിധ സ്കൂളുകളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശ്രീനാരായണ എച്ച്.എസ്.എസ് ജില്ലാ കോർഡിനേറേറ്റർമാരായ എസ്.ശ്രീചിത്ത് സ്വാഗതവും എം.കെ ഫൈസൽ നന്ദിയും പറഞ്ഞു.