ആളൊഴിഞ്ഞ റോഡില്‍ പെട്രോള്‍പമ്പ് ജീവനക്കാരിയുടെ മാല കവര്‍ന്ന കേസ്; കുറ്റിച്ചിറ സ്വദേശിയായ യുവാവ് പിടിയില്‍


കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയുടെ മാല മോഷ്ടിച്ചയാള്‍ പിടിയില്‍. കുറ്റിച്ചിറ സ്വദേശിയും ഇപ്പോള്‍ ഒടുമ്പ്രയില്‍ വാടകക്ക് താമസിക്കുകയും ചെയുന്ന ഫൈജാസി (38) നെയാണ് പോലീസ് പിടികൂടിയത്.

ഡി.സിപി ബൈജുവിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ഇന്‍സ്പെക്ടര്‍ യൂസഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

കഴിഞ്ഞ എട്ടാം തീയ്യതി കാരന്തൂര്‍ കൊളായ്ത്താഴത്തായുരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിലെത്തിയ ഫൈജാസ് അംഗനവാടി റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ മാലപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. വട്ടക്കിണറിലുള്ള സ്വകാര്യ സ്ഥാപനത്തില്‍ പണയം വെച്ച മോഷണ മുതലും ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെടുത്തു.

നൂറോളം സി.സി.ടി.വികളും മറ്റു ശാസ്ത്രീയ അന്വേഷണവും നടത്തിയാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചികിത്സക്ക് വേണ്ടിവന്ന സാമ്പത്തിക ബാധ്യതയാണ് കുറ്റകൃത്യം ചെയ്യിച്ചതെന്നാണ് ഫൈജാസ് പോലീസിനോട് പറഞ്ഞത്. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്പെക്ടര്‍ ഒ മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ അര്‍ജുന്‍, രാകേഷ് ചൈതന്യം, കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ വിശോഭ്, സച്ചിത്ത്, ഷിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.