വിവാഹപാര്‍ട്ടി സഞ്ചരിച്ച വാഹനത്തില്‍ നിന്നും മാലിന്യം റോഡരികില്‍ തള്ളി; വില്യാപ്പള്ളിയില്‍ വീട്ടുകാരില്‍നിന്ന് പിഴയീടാക്കി പഞ്ചായത്ത് അധികൃതര്‍


വില്യാപ്പള്ളി: വിവാഹ പാര്‍ട്ടി സഞ്ചരിച്ച വാഹനത്തില്‍ നിന്നും മാലിന്യങ്ങള്‍ റോഡരികില്‍ നിക്ഷേപിച്ചതില്‍ വീട്ടുകാരില്‍നിന്ന് പിഴയീടാക്കി പഞ്ചായത്ത്. വില്യാപ്പള്ളി യു.പി സ്‌കൂള്‍ പരിസരത്ത് നടന്ന വിവാഹത്തോടനുബന്ധിച്ച് വിവാഹപാര്‍ട്ടി സഞ്ചരിച്ച വാഹനത്തിലെ ഭക്ഷണാവശിഷ്ടവും മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും ഉള്‍പ്പെടെയാണ് റോഡരികില്‍ തള്ളിയത്.

പൊതുസ്ഥലത്ത് മാലിന്യനിക്ഷേപം കാണാനിടയായ നാട്ടുകാര്‍ പഞ്ചായത്തില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തുനടന്ന വിവാഹത്തോടനുബന്ധിച്ചുള്ളതാണെന്ന് ബോധ്യപ്പെട്ടുകയും ഇതിനെത്തുടര്‍ന്ന് വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കുകയും പിഴയീടാക്കുകയുമായിരുന്നു.