കുടിശ്ശികയുള്ളത് നാല് കോടി രൂപ; മെഡിസെപ് പദ്ധതി നിര്‍ത്തി വടകര സഹകരണ ആശുപത്രി


വടകര: സര്‍ക്കാറിന്റെ ആരോഗ്യ ചികിത്സാ പദ്ധതിയായ മെഡിസെപ് പദ്ധതി നിര്‍ത്തിവച്ച് വടകര സഹകരണ ആശുപത്രി. കുടിശ്ശികയായി വടകര സഹകരണ ആശുപത്രിക്ക് നാല് കോടിയോളം രൂപയാണ് ലഭിക്കാനുള്ളത്. ഇത്ര വലിയ തുക കുടിശ്ശിക വന്നതോടെയാണ് ജനുവരി നാല് മുതല്‍ ആശുപത്രി മെഡിസെപ് പദ്ധതിക്ക് താല്‍ക്കാലിക വിരാമമിട്ടത്.

വടകര സഹകരണ ആശുപത്രി മെഡിസെപ് പദ്ധതി നിര്‍ത്തിയതോടെ ചികിത്സ ആവശ്യമുള്ളവര്‍ കോഴിക്കോടേക്കും മറ്റ് സ്ഥലങ്ങളിലേക്കുമെല്ലാം പോകേണ്ട അവസ്ഥയാണ്. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രകാരവും ഒന്നേ മുക്കാല്‍ കോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് പണം നല്‍കുന്നത് നിന്നത്.

ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. രോഗികള്‍ക്ക് ചികിത്സ നല്‍കി 15 ദിവസത്തിനകം ഇന്‍ഷുറന്‍സ് കമ്പനി പണം നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും പാലിക്കപ്പെടാത്തതാണ് പദ്ധതിയെ ബാധിച്ചത്. പണം ലഭ്യമാക്കുന്നതിലും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇരട്ടത്താപ്പുള്ളതായും ആരോപണമുണ്ട്. ചില ആശുപത്രികള്‍ക്ക് കൂടുതല്‍ പണം നല്‍കുകയും കുടിശ്ശിക വരുത്തുകയും ചെയ്യുന്ന അവസ്ഥയുമാണ്. സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നും പെന്‍ഷന്‍കാരില്‍നിന്നും മാസംതോറും 500 രൂപയാണ് ചികിത്സയുടെ ഭാഗമായി പിടിക്കുന്നത്.

വര്‍ഷം 6000 രൂപ നല്‍കിയിട്ടും പദ്ധതിയുടെ ഗുണം ലഭിക്കാത്തതില്‍ അമര്‍ഷം പുകയുന്നുണ്ട്. 2022 ജൂലൈയിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ കാര്‍ക്കും പദ്ധതി ആരംഭിച്ചത്. മെഡിസെപ് പുനരാരംഭിക്കാന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചുവരുകയാണെന്ന് ആശുപത്രി പ്രസിഡന്റ് ആര്‍.ഗോപാലന്‍ പറഞ്ഞു.