പ്രതിപക്ഷ പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡ് വലിച്ചിഴച്ചു; പരാതിയുമായി കെ.കെ. രമ


തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിനു മുന്‍പില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്തുവെന്ന പരാതിയുമായി കെ.കെ.രമ എം.എല്‍.എ. പ്രതിപക്ഷ-വാച്ച് ആന്‍ഡ് വാര്‍ഡ് സംഘര്‍ഷത്തിനു പിന്നാലെ കെ.കെ. രമയുടെ വലതുകൈക്ക് സ്ലിങ് ഇടേണ്ടിവന്നു.

ബ്രഹ്മപുരം തീപ്പിടിത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് നിയമസഭ കയ്യാങ്കളിക്ക് വേദിയായത്. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ എം.എല്‍.എമാര്‍ അദ്ദേഹത്തിന്റെ ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

സ്പീക്കറിന് ഓഫീസിനുള്ളിലേക്ക് കയറാന്‍ സാധിക്കാത്ത വിധത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇവരെ മാറ്റാനുള്ള വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ശ്രമമാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്.