ഉപതെരഞ്ഞെടുപ്പ്; ചല്ലിവയല്‍ ആര്‍ക്കൊപ്പം! ഇന്നറിയാം, വോട്ടെണ്ണൽ 10 മണിയോടെ


വില്യാപ്പള്ളി: ഉപതെരഞ്ഞെടുപ്പ് നടന്ന വില്യാപ്പള്ളി പഞ്ചായത്ത് പതിനാറാം വാര്‍ഡായ ചല്ലിവയലില്‍ വോട്ടെണ്ണല്‍ ബുധനാഴ്ച്ച. രാവിലെ 10മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ഫലസൂചനകൾ 10.30ഓടെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. പഞ്ചായത്ത് ഓഫീസിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

യു.ഡി.എഫിന് ഭൂരിപക്ഷമുള്ള വാര്‍ഡില്‍ പോളിങ് ശതമാനം വര്‍ധിക്കുന്നത് യു.ഡി.എഫിന് വിജയ പ്രതീക്ഷ നല്‍കുന്നതായി പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഉണ്ടാവുക എന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍.

എല്‍.ഡി.എഫിനായി സി.പി.എമ്മിലെ ജ്യോതി ബി.എസ് പുത്തൂര്‍, യു.ഡി.എഫിനുവേണ്ടി കോണ്‍ഗ്രസിലെ എന്‍.ബി പ്രകാശന്‍, ബി.ജെ.പി.യുടെ എം.പി സോമശേഖരന്‍ എന്നിവരാണ് ജനവിധി തേടിയത്. വാര്‍ഡ് മെമ്പറായിരുന്ന എല്‍.ഡി.എഫിലെ പി.പി ചന്ദ്രന്‍ മാസ്റ്റര്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായതിനെത്തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്.

ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 78.79. ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ തിരക്ക് അനുഭവപ്പെട്ടെങ്കിലും ഉച്ചയോടെ തിരക്ക് കുറവായിരുന്നു. ചല്ലിവയലിലെ സാംസ്‌കാരികനിലയത്തില്‍ ഒരുക്കിയ രണ്ട് ബൂത്തുകളിലായി രാവിലെ ഏഴുമണിയോടെയായിരുന്നു പോളിംഗിന് ആരംഭിച്ചിരുന്നത്.