ഇനി ഒരാഴ്ച വാശിയേറിയ പോരാട്ടം; വളയം പ്രണവം അഖിലേന്ത്യ വോളി ഫെസ്റ്റിന് ഇന്ന് തുടക്കമാവും


വളയം: പ്രണവം യൂത്ത് ഡെവലപ്‌മെന്റ് സെന്റര്‍ സംഘടിപ്പിക്കുന്ന ഏഴാമത് അഖിലേന്ത്യം വോളിബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാവും. അച്ചംവീട് ശ്രീധരന്‍ മെമ്മോറിയല്‍ ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് ഇ.കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് അധ്യക്ഷത വഹിക്കും. സി.കെ ബാലന്‍ മെമ്മോറിയല്‍ ചാമ്പ്യന്‍സ് ട്രോഫിക്കും മാവുള്ള പറമ്പത്ത് അച്യുതന്‍ റണ്ണേഴ്‌സ് അപ് ട്രോഫിക്കും വേണ്ടി നടത്തുന്ന മത്സരത്തില്‍ കേരളത്തിന് അകത്തും പുറത്തും നിന്നുമായി എട്ട് ടീമുകള്‍ പങ്കെടുക്കും.

തിങ്കളാഴ്ച ആദ്യ മത്സരത്തിൽ ഇന്ത്യൻ നേവിയും ഇന്ത്യൻ വാമ്പയേഴ്സും തമ്മിലും ചൊവ്വാഴ്ച കെഎസ്ഇബി തിരുവനന്തപുരവും കാലിക്കറ്റ്‌ സിക്സേഴ്സ് തമ്മിലും ബുധനാഴ്ച്ച കേരള പോലീസും കർണാടക സിക്സേഴ്സും വ്യാഴാഴ്ച ഇന്ത്യൻ എയർ ഫോഴ്‌സും ഡെയ്ഞ്ചറസ് ബോയ്സ് തമിഴ്നാടും തമ്മിൽ ഏറ്റുമുട്ടും. തുടർന്ന് വെള്ളി,ശനി, ഞായർ ദിവസങ്ങളിലായി ആദ്യസെമി, രണ്ടാം സെമി, ഫൈനൽ എന്നീ മത്സരങ്ങളും നടക്കുന്നതായിരിക്കും.

എല്ലാ ദിവസവും രാത്രി 8മണിക്ക് ജില്ലാതല മത്സരങ്ങളും 10 മണിക്ക് അഖിലേന്ത്യാ മത്സരങ്ങളുമാണ് ക്രമീകരിച്ചിട്ടുള്ളത്. ജില്ലാതല മത്സരത്തിൽ ടീം അമാന വടകര, സൈകാട് ഇവന്റ് കുറ്റ്യാടി, അംബേദ്കർ കണ്ടിവാതുക്കൽ, വോളി ടീം കണ്ണവം, ക്യൂ-ബെൻസ് കുറുവന്തേരി, എംഎച്ച്‌ കോളേജ് കുറ്റ്യാടി, ഡേയറിങ് കാലിക്കറ്റ്‌, പിഎംഎസ്സി കരിയാട് എന്നീ ടീമുകളും പങ്കെടുക്കും.

കഴിഞ്ഞ ആറ് തവണ സംഘടിപ്പിച്ച മേളയിലുടെ സ്വരൂപിച്ച പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിച്ചത്. പ്രണവം ക്ലബ്ബ്‌ അച്ചംവീട് സ്റ്റേഡിയം നിർമ്മാണ ധനശേഖരണാർത്ഥമാണ്‌ വോളി മേള സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 25ന് തുടങ്ങുന്ന മേള 31ന് അവസാനിക്കും.