വളർത്ത് മൃഗങ്ങളുമായി നിത്യവുമെത്തുന്നത് അമ്പതിലേറെ പേർ; സ്ഥല സൗകര്യമുണ്ടായിട്ടും വിവിധ സേവനങ്ങളും ജീവനക്കാരുമില്ലാതെ വടകര പുതിയാപ്പ് മൃഗാശുപത്രി


വടകര: സ്ഥല സൗകര്യം വേണ്ടുവോളം ഉണ്ടായിട്ടും മറ്റ് പല പരിമിധികളിലും കുരുങ്ങിക്കിടക്കുകയാണ് വടകര മുനിസിപ്പാലിറ്റിയിലെ പുതിയാപ്പ് മൃഗാശുപത്രി. മേപ്പയ്യൂർ, ബാലുശ്ശേരി, മരുതോങ്കര, മാഹി, കൊയിലാണ്ടി തുടങ്ങിയവിടങ്ങളിൽ നിന്നും അവയ്ക്കിടയിലുള്ള മറ്റ് വിവിധ പ്രദേശങ്ങളിൽ നിന്നും തന്റെ ഓമന മൃഗങ്ങളേയുമെടുത്ത് ആളുകൾ ഓടിയെത്തുന്നത് പുതിയാപ്പ് മൃഗാശുപത്രിയിലേക്കാണ്.

ദിവസവും അൻപതിലധികം പേർ വളർത്ത് മൃഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഇവിടെ എത്തിച്ചേരാറുണ്ട്. ഇതിന് പുറമേ ഫീൽഡിൽ പോയി ചികിത്സിക്കേണ്ടി വരാറുമുണ്ട്. ഇത്തരം സേവനങ്ങൾക്കെല്ലാം തന്നെ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് ഡോക്ടർമാരുടെയും ലാബുകളിലടക്കം വിവിധ തസ്തികയിലേക്ക് വേണ്ട മറ്റ് ജീവനക്കാരുടെയും എണ്ണക്കുറവും അഭാവവുമാണ്.

കോഴിക്കോട് ആശുപത്രിയിലുള്ളതിലേറെ വിശാലമായ സ്ഥല സൗകര്യമുണ്ടായിട്ടും സർജൻമാർ ഗൈനക്കോളജിസ്റ്റ്, പാത്തോളജിസ്റ്റ് എന്നീ തസ്തികകളിൽ ആളില്ലാത്തതും സ്പെഷ്യാലിറ്റി സൗകര്യങ്ങളില്ലാത്തതും പുതിയാപ്പ് മൃഗാശുപത്രിയുടെ പോരായ്മകളായി തന്നെ ചൂണ്ടിക്കാണിക്കേണ്ടി വരും. അത്യാഹിത വിഭാഗമോ കിടത്തി ചികിത്സിക്കാനുള്ള സാഹചര്യമോ ഇവിടെയില്ല.

1960 കളിൽ തയ്യാറാക്കിയ ചട്ടങ്ങൾ പ്രകാരമാണ് ഇപ്പോഴും വെറ്റിനറി ഹോസ്പിറ്റലുകൾ പ്രവർത്തിക്കുന്നത്. ചെറിയ ചില മാറ്റങ്ങൾ മാത്രമേ പൊതുവേ ഈ മേഖലയിൽ സംഭവിക്കുന്നുള്ളൂ. പുതിയാപ്പ് ആശുപത്രിയുടെ സൗകര്യക്കുറവുകൾക്ക് ഒരു കാരണം അത് കൂടിയാണ്.

സ്റ്റാഫുകളുടെ എണ്ണത്തിലുള്ള പരിമിധിയാണ് നിലവിൽ പുതിയാപ്പ് ആശുപത്രിയിലെ പ്രധാന പ്രശ്നമെന്നും അത് പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ആശുപത്രിയിലെ വെറ്റിനറി ഡോക്ടറായ സ്നേഹ രാജ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. കേരളത്തിൽ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടെ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രികൾ തിരുവന്തപുരത്ത് മാത്രമേ ഉള്ളൂ എന്നും പുതിയാപ്പ് അടക്കമുള്ള പല ആശുപത്രികളും അത്തരം സംവിധാനത്തിലേക്ക് കൊണ്ടുവന്നാൽ അത് വലിയൊരു മുന്നേറ്റമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ ബ്രീഡിൽ പെട്ട വളർത്ത് മൃഗങ്ങളുടെ ഉപാദനം, അത് വഴി വരുമാനം കണ്ടെത്തുന്ന സംരഭക ശ്രമങ്ങൾ, അരുമ മൃഗങ്ങളെ പരിപാലിക്കുന്നതിൽ നിന്ന് ലഭിക്കുന്ന മാനസികോല്ലാസം തുടങ്ങി സാമ്പത്തികവും മാനസികവും മാനുഷികവുമായ ഘടകങ്ങളെ ഉത്തേജിപ്പിക്കുന്ന മേഖല എന്ന നിലയിൽ വെറ്റിനറി മേഖല കൂടുതൽ പുരോഗമിക്കേണ്ടതുണ്ടെന്നും ഡോക്ടർ സ്നേഹ രാജ് പറഞ്ഞു.

പുതിയാപ്പ് മൃഗാശുപത്രിയിൽ അടിയന്തരമായി എച്ച്.എം.സി രൂപീകരിക്കണമെന്ന ആവശ്യം നാട്ടുകാരും മൃഗസ്നേഹികളും മുന്നോട്ട് വെക്കുന്നുണ്ട്. മുനിസിപ്പാലിറ്റി ഇടപെട്ട് നേരിട്ട് വിവിധ തസ്തികകളിലേക്കുള്ള നിയമനം നടത്താനുള്ള സംവിധാനം ഉണ്ടായാൽ അതും ആശുപത്രിക്ക് വലിയ ആശ്വാസമാവും.