വടകര ലോകനാര്‍കാവ് പൂരത്തിന് നാളെ കൊടിയേറും; ഇത്തവണ ‘ഹരിതപൂരം’, ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്


വടകര: ലോകനാര്‍കാവ് പൂരം മഹോത്സവത്തിന് നാളെ കൊടിയേറും. ഏഴു ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന പൂരം 23ന് അവസാനിക്കും. നാളെ രാത്രി ഏഴരയ്ക്ക് കൊടിയേറ്റം നടക്കും.

17ന് രാവിലെ പത്ത് മണിക്ക് ചാന്താട്ടം, വൈകിട്ട് അഞ്ചിന് കാഴ്ച ശീവേലി, രാത്രി ഏഴിന് നാട്യോത്സവം എന്നിവ ഉണ്ടാകും.

18ന് രാത്രി ഏഴ് മണിക്ക് ‘പണ്ട് രണ്ട് കൂട്ടുകാരികള്‍’ നാടകം അരങ്ങേറും. 19ന് രാത്രി ഏഴിന് കഥകളി, 20ന് രാത്രി ഏഴ് മണിക്ക് തിരുവാതിരക്കളി, ഏഴരയ്ക്ക് നൃത്താഞ്ജലി എന്നിവ ഉണ്ടാകും.

21ന് രാത്രി ഏഴരയ്ക്ക് ഗ്രാമസന്ധ്യ, എട്ടിന് ഇരട്ടത്തായമ്പക, 22ന് പകല്‍ നാലിന് ഇളനീര്‍ വരവ്, വൈകിട്ട് അഞ്ചിന് ചാക്യാര്‍ക്കൂത്ത്, ആറരയ്ക്ക് നഗര പ്രദക്ഷിണം, 23ന് പകല്‍ മൂന്നരയ്ക്ക് ഓട്ടന്‍ തുള്ളല്‍, രാത്രി 11മണിക്ക് പൂരക്കളി, 24ന് രാവിലെ പാട്ടുപുരയില്‍ തിരിച്ചെഴുന്നള്ളത്ത് എന്നിവ നടക്കും.

പ്ലാസ്റ്റിക് വിമുക്ത ഹരിതപൂരമായാണ് ഇത്തവണ പൂരം നടക്കുക. ആഘോഷ ചടങ്ങുകളിൽ ഹരിതചട്ടം പാലിച്ചുകൊണ്ടും, മാലിന്യം നീക്കം ചെയ്യുന്നതിന് ഹരിത കർമ്മ സേനാംഗങ്ങളുടെ സഹായവും ലഭിക്കും. ലോകനാർകാവ് ക്ഷേത്രത്തിലെ റസ്റ്റ് ഹൗസ് ഉദ്ഘാടന സമയത്ത് ഹരിതകേരളം മിഷനും പഞ്ചായത്തിനുമൊപ്പം ഇതിനായുള്ള പ്രാരംഭ ചർച്ചകള്‍ ആരംഭിച്ചിരുന്നു.