മാലിന്യ നിര്‍മാര്‍ജനം, ലക്ഷ്യത്തിലെത്താത്ത പഞ്ചായത്തുകള്‍ക്ക് പിഴചുമത്തും- മന്ത്രി എം.ബി.രാജേഷ്; റൈസിംഗ് മണിയൂരിന് തുടക്കമായി


മണിയൂര്‍: മാലിന്യനിര്‍മാര്‍ജനത്തില്‍ സര്‍ക്കാര്‍നിശ്ചയിച്ച ലക്ഷ്യംകൈവരിക്കാത്ത പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പിഴചുമത്തുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മണിയൂര്‍ ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര കായിക-ആരോഗ്യ പദ്ധതിയായ റൈസിങ് മണിയൂര്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്തിന് മാത്രമല്ല, ഓരോരുത്തര്‍ക്കും മാലിന്യസംസ്‌കരണത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും അതിനാല്‍ തന്നെ ഇതിനായ ശ്രമിക്കാത്തവർക്ക് ചെറിയ പിഴയല്ല, ഗണ്യമായ നഷ്ടം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ശശിധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ലീന, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി റീന, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ദുല്‍ഖിഫില്‍, വള്ളില്‍ ശാന്ത, കെ.ടി. രാഘവന്‍, എം ജയപ്രഭ, പി.കെ. ദിവാകരന്‍, എം.കെ. ഹമീദ്, കെ. റസാഖ്, ടി.എന്‍. മനോജ്, ടി. രാജന്‍, സജിത്ത് പൊറ്റുമ്മല്‍, പി.എം. ശങ്കരന്‍, വി.പി. ബാലന്‍, അബ്ദുള്‍ മജീദ്, പഞ്ചായത്ത് സെക്രട്ടറി കെ. സജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.