വടകര കൊയിലാണ്ടി താലൂക്കുകളിൽ സർവ്വേയർ തസ്തിക പരിമിതം, മുന്നോട്ട് പോകുന്നത് ജോലി ക്രമീകരണ വ്യവസ്ഥയിൽ; കോഴിക്കോട് ജില്ലയിലെ സർവേയർമാരുടെ ഒഴിവ് നികത്താനുള്ള നടപടികൾ   സര്‍ക്കാര്‍ പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ


വടകര: കിഫ്ബി പദ്ധതികൾ പ്രഖ്യാപിച്ചതിനുശേഷം വ്യാപകമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉണ്ടാവുകയും ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ് വർദ്ധിക്കുകയും ചെയ്തതോടെ സർവേയർമാരുടെ നിലവിലുള്ള എണ്ണം തികയാത്ത വരുന്നതായും എന്നാല്‍ ഈ പ്രശ്നം  ജോലിക്രമീകരണ വ്യവസ്ഥയിലൂടെ മറികടക്കാന്‍ ശ്രമിക്കുന്നതായും  നിയമസഭയിൽ വ്യക്തമാക്കി റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ.

വടകര കൊയിലാണ്ടി താലൂക്കുകളിൽ ഓരോ സർവ്വേയർ തസ്തിക മാത്രമേയുള്ളൂ എങ്കിലും ഈ താലൂക്കുകളിൽ നിലവിൽ 3 സർവേയർമാരെ വീതം ജോലി ക്രമീകരണ വ്യവസ്ഥയിൽ നിയമിച്ചിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ സർവേയർമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുവെന്നും വടകര കൊയിലാണ്ടി താലൂക്കുകളിൽ ഓരോ സർവേയർ തസ്തികൾ അപര്യാപ്തമാണെന്നും നിയമസഭയിൽ സബ്മിഷനിലൂടെ അവതരിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രി ഈ വിഷയത്തില്‍ വിശദീകരണം നല്‍കിയത്.

കോഴിക്കോട് ജില്ലാ എസ്റ്റാബ്ലിഷ്‌മെന്റിൽ ആകെ 24 സർവ്വേയർ തസ്തികകൾ ആണ് നിലവിലുള്ളത്. സർവേയർമാരുടെ റാങ്ക് ലിസ്റ്റ് നിലവില്ലാത്തതിനാൽ അതിൽ 8 തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഒഴിവുള്ള തസ്തികകളിലേക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും സർവേയർമാരുടെ ഒഴിവ് ഗൗരവമായി സർക്കാർ പരിശോധിക്കുമെന്നും  സബ്മിഷന് മറുപടിയായി കെ.രാജന്‍ നിയമസഭയിൽ അറിയിച്ചു.

ഒഴിഞ്ഞുകിടക്കുന്ന സർവേയർ തസ്തികകളിൽ നിയമനം നടത്തിയും നിലവിൽ നടന്നുവരുന്ന റോഡ് വികസന പ്രവൃത്തികൾക്കാനുപാതികമായി സർവേയർമാരുടെ സേവനം ഉറപ്പുവരുത്തിയും കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ്, കുറ്റ്യാടി ബൈപ്പാസ് എന്നീ റോഡ് പ്രവർത്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങളും, വടകര വില്യാപ്പള്ളി ചേലക്കാട് റോഡിലെ കയ്യേറ്റം കണ്ടെത്തുന്ന നടപടി ക്രമങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും സബ്മിഷനിലൂടെ അഭ്യര്‍ഥിച്ചിരുന്നു.

കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിന്റെ ഭാഗമായി 11(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതായും നഷ്ടപരിഹാരത്തുക അർത്ഥനാധികാരി കെട്ടിവെക്കുന്ന മുറയ്ക്ക് 19(1) പ്രഖ്യാപനം പുറപ്പെടുവിച്ച് അവാർഡ് പാസ്സാക്കി സ്ഥലം സമയബന്ധിതമായി അർത്ഥനാധികാരിക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ നിലവിൽ കുറ്റ്യാടി ബൈപ്പാസിന്റെ ലാൻഡ് അക്വിസിഷൻ സബ് ഡിവിഷൻ ജോലികൾ പൂർത്തീകരിച്ചിട്ടുള്ളതായും ഡീറ്റെയിൽഡ് വാല്യൂഷൻ സ്റ്റേറ്റ്മെൻറ് അംഗീകരിക്കുന്ന നടപടികൾ അന്തിമഘട്ടത്തിലെത്തിയതായും, വടകര – വില്യാപ്പള്ളി ചേലക്കാട് റോഡിലെ കൈയ്യേറ്റം കണ്ടെത്തുന്ന പ്രവർത്തനം വടകര താലൂക്ക് ഓഫീസിലെ സർവേയർമാർ ആരംഭിച്ചിട്ടുള്ളതായും 6.5 കിലോമീറ്റർ ഭാഗത്തുള്ള ജോലി പൂർത്തീകരിച്ചിട്ടുള്ളതായും സബ്മിഷന് മറുപടിയായി മന്ത്രി പ്രതികരിച്ചു.