ഓര്‍ക്കാട്ടേരി ശിവ- ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം; മത സൗഹൃദത്തിന്റെയും മൈത്രിയുടെയും അവിസ്മരണീയ സംഗമമായി സാംസ്‌കാരിക സമ്മേളന വേദി


ഏറാമല: മത സൗഹാർദ്ധത്തിന്റെ സംഗമ ഭൂമിയായി ഇത്തവണയും ഓര്‍ക്കാട്ടേരി ശിവ ഭഗവതി ക്ഷേത്രോത്സവ വേദി. കായക്കൊടി മുസ്ലിം തറവാട്ടില്‍ നിന്നും കൊണ്ടു വന്ന പട്ട് ഭഗവതിയ്ക്ക് സമര്‍പ്പിക്കുന്ന ചടങ്ങുകളോടെ ആരംഭിച്ച ഓര്‍ക്കാട്ടേരി ശിവ-ഭഗവതി ക്ഷേത്ര മഹോത്സവവും ഓര്‍ക്കാട്ടേരി ചന്തയും എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും നാടിന്റെ മതമൈത്രി വിളിച്ചോതുകയാണ്. ഉത്സവത്തിന്റെ കൊടിയേറ്റ ദിനത്തില്‍ വൈകുന്നേരം 6.30 ന് നടന്ന സാംസ്‌കാരികസമ്മേളനം ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. ചലച്ചിത്രനടി ബീനാ ആന്റണി  മുഖ്യാതിഥികളായി. തുടര്‍ന്ന് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച ഫോക്ക് മെഗാഷോയും അരങ്ങേറി.

ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന ചരിത്ര പ്രസിദ്ധമായ ഓര്‍ക്കാട്ടേരി കന്നുകാലി ചന്തയും വിപണനമേളയും മതമൈത്രിയുടെ മറ്റൊരു സംഗമ വേദിയാണ്. മലബാറിന്റെ ഏതാണ്ടെല്ലാ പ്രദേശത്തു നിന്നും പണ്ടുകാലം മുതല്‍ക്കേ കാളകളെ വില്പനയ്ക്കായി ഓര്‍ക്കാട്ടേരി കന്നുകാലി ചന്തയില്‍ എത്തിച്ചു വരുന്നുണ്ട്. എണ്ണത്തില്‍ കുറവെങ്കിലും 88ാം വര്‍ഷത്തിലും മുടങ്ങാതെ ചന്തയില്‍ കന്നുകാലിക്കൈമാറ്റം തുടങ്ങി. ഇത്തവണ ഒരാള്‍മാത്രമാണ് മൂരികളെയും കൊണ്ടുവന്നത്. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുഞ്ഞവറാനാണ് ഇത്തവണ ചന്തയില്‍ എത്തിയിരിക്കുന്നത്. 11 മൂരികളെ മാത്രമാണ് വില്പനയ്ക്കായി കൊണ്ടുവന്നിരിക്കുന്നത്. ആദ്യദിവസംതന്നെ കച്ചവടവും തുടങ്ങി.

കന്നുകാലിച്ചന്തയുടെ പ്രതാപം ചെറിയതോതില്‍ മങ്ങി എങ്കിലും ഓര്‍ക്കാട്ടേരി ചന്ത ഇന്നും നാടിന്റെ ഉത്സവമാണ്. വ്യത്യസ്തമായ ഹൈടെക് അമ്യൂസ്മെന്റ് പാര്‍ക്കുതന്നെയാണ് ചന്തയുടെ പ്രധാന ആകര്‍ഷണീയം. പിന്നെ കേരളത്തിലെ ഏറ്റവും വലിയ ഇക്കോ പെറ്റ്സ് ഷോ, കംപ്യൂട്ടര്‍ ട്രെയിന്‍, സലാംബോ, കാറ്റര്‍പില്ലര്‍, ത്രീഡിഷോ, ടവര്‍ ബലൂണ്‍, മരണക്കിണര്‍ തുടങ്ങിയവയും ഇത്തവണയുണ്ട്. 350 ഓളം കച്ചവടസ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഉത്സവം തുടങ്ങിയ വെള്ളിയാഴ്ചമുതല്‍ ചന്തയിലേക്ക് ജനത്തിന്റെ ഒഴുക്കാണ്.

ഉത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് ഏഴിന് ആധ്യാത്മിക സദസ്സും രാത്രി പത്തിന് വള്ളുവനാട് നാദത്തിന്റെ ഊഴം നാടകവും അരങ്ങേറും. 29ന് ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാവിരുന്ന്, ഒമ്പതിന് ഇടത്തില്‍ പരദേവതാക്ഷേത്രത്തില്‍നിന്നുള്ള എഴുന്നള്ളത്തും തോട്ടിവരവും ഉണ്ടാകും.

30ന് വൈകീട്ട് നാലിന് പുതുകുളങ്ങര എഴുന്നള്ളത്തും താലപ്പൊലി വരവും ഏറോത്തുതാഴെ വയലില്‍വച്ച് കോമരവും ചോമപ്പനും കൂടിക്കാഴ്ചയും ചോമപ്പന്‍കൊത്തും നടക്കും. ആറിന് നടക്കുന്ന സാംസ്‌കാരികസദസ്സില്‍ രമേശന്‍ പാലേരി, മനയത്ത് ചന്ദ്രന്‍ എന്നിവരെ ആദരിക്കും. പിയൂഷ് നമ്പൂതിരിപ്പാട് ഉപഹാരസമര്‍പ്പണം നടത്തും. പത്തിന് നാദബ്രഹ്മം അവതരിപ്പിക്കുന്ന മെഗാ ഇവന്റ് ഡാന്‍സ് പ്രോഗ്രാം ഉണ്ടാകും. 31ന് വൈകീട്ട് അഞ്ചിന് ഭഗവതിക്ഷേത്രത്തില്‍നിന്ന് ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, എട്ടിന് മ്യൂസിക്കല്‍ നൈറ്റ് എന്നിവയും നടക്കും. ഫെബ്രുവരി 5 വരെയാണ് ചന്ത ഉണ്ടായിരിക്കുക.