വടകര കരിമ്പനപ്പാലത്ത് ചരക്ക് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം രണ്ടായി


വടകര: ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് ഞായറാഴ്ച്ച ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. കോയമ്പത്തൂര്‍ വേളാണ്ടിപ്പാളയം മരുതു കോണാര്‍ സ്ട്രീറ്റിലെ കെ ശരവണകുമാറാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു.

ഇന്നലെ രാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്. കരിമ്പനപ്പാലത്ത് പഴയ പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് തലശ്ശേരി ഭാഗത്ത് എത്തിയ പിക്കപ്പ് ലോറി എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

സേലം കമ്മലപ്പട്ടി സ്വദേശി രാജ് കന്തസാമി അപകടം നടന്ന് അല്പസമയത്തിനകം തന്നെ മരണപ്പെട്ടിരുന്നു. രാജ് കന്തസാമി വടകര സഹകരണ ആശുപത്രിയിലും ശരവണകുമാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.