മേമുണ്ടയുടെ തിളക്കം തുടരുന്നു; ഹൈസ്‌കൂളിന് പിന്നാലെ ഹയര്‍സെക്കന്ററിക്കും ദേശഭക്തി ഗാനത്തില്‍ എ ഗ്രേഡ്


വടകര: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്ററി വിഭാഗം ദേശഭക്തി ഗാനത്തില്‍ എ ഗ്രേഡ് നേടി മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍. നേരത്തെ ഹൈസ്‌കൂള്‍ വിഭാഗം ദേശഭക്തി ഗാനത്തിന് മേമുണ്ട എച്ച്.എസ്.എസ്. ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

പാര്‍വണ ജി., പാര്‍വണ ദിനേഷ്, ശിവദ, ദേവനന്ദ കെ.കെ., ദേവനന്ദ, അഹല്യ ടി.വി., അഞ്ജന മോഹന്‍ എന്നിവരാണ് മേമുണ്ട എച്ച്.എസ്.എസിന് വേണ്ടി അരങ്ങിലെത്തിയത്. സ്‌കൂളിലെ സംഗീത അധ്യാപകനായ അജേഷ് മാഷാണ് വിദ്യാര്‍ഥികളെ മത്സരത്തിന് തയ്യാറാക്കിയത്.

പാര്‍വണ ജി. കഥാപ്രസംഗം, ശാസ്ത്രീയ സംഗീതം എന്നീ ഇനങ്ങളില്‍ കൂടി മത്സരിക്കുന്നുണ്ട്. ഇന്നലെ നടന്ന മലയാളം പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

സബ്ജില്ലാ കലോത്സവത്തിലും ജില്ലാ കലോത്സവത്തിലും മിന്നും പ്രകടനം കാഴ്ചവച്ച മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള് സംസ്ഥാന കലോത്സവത്തില്‍ കോഴിക്കോടിന്റെ തുറുപ്പു ചീട്ടാണ്. 14 മത്സരങ്ങളിലാണ് മേമുണ്ട കോഴിക്കോടിന് വേണ്ടി പോരാട്ടത്തിനിറങ്ങുന്നത്.

തബല, നാടകം, ഓട്ടന്‍തുള്ളല്‍, പൂരക്കളി, മിമിക്രി, ദേശഭക്തി ഗാനം, നാടന്‍പാട്ട്, ഭരതനാട്യം എന്നീ ഇനങ്ങളിലാണ് ഹൈസ്‌കൂള്‍ ഇത്തവണ മത്സരിക്കുന്നത്. പൂരക്കളി, കഥാപ്രസംഗം, മലയാളം കവിത, ശാസ്ത്രീയ സംഗീതം, ദേശഭക്തിഗാനം, ഇംഗ്ലീഷ് ഉപന്യാസം എന്നീ ഇനങ്ങളില്‍ ഹയര്‍സെക്കന്ററിയും മത്സരിക്കും.

ഓവറോള്‍ വിഭാഗത്തില്‍ 317 പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു മേമുണ്ട എച്ച്.എസ്.എസ്.