കത്തുന്ന വെയിലില്‍ കാത്ത് നില്‍ക്കാന്‍ ഒരു തണല്‍ പോലുമില്ല; മെഡിക്കല്‍ കോളേജ് പരിസരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമില്ലെന്ന പരാതിയില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍


കോഴിക്കോട്:  മെഡിക്കല്‍ കോളേജ് പരിസരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമില്ലെന്ന പരാതിയില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. ഈ വിഷയത്തില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥ് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നോട്ടീസയച്ചു.

കോഴിക്കോട് നഗരത്തില്‍ നിന്ന് മെഡിക്കല്‍ കോളേജ് വഴി മാവൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ് നിര്‍ത്തുന്ന ഭാഗത്തെ മുന്‍പുണ്ടായിരുന്ന ബസ് സ്റ്റോപ്പ് റോഡ് വികസനത്തിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാന്റ് വരുമെന്ന് പറഞ്ഞ്  രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പൊളിച്ചുകളഞ്ഞത്. അതിന് ശേഷം മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായെത്തുന്ന രോഗികളും അവരുടെ കൂട്ടിരിപ്പുകാരും വിദ്യാര്‍ഥികളുമടക്കം നിരവധി പേരാണ് നിത്യേന പൊരിവെയിലത്ത് ഇവിടെ ബസ് കാത്ത് നില്‍ക്കുന്നത്. മഴക്കാലത്ത് മഴനനയാതെ ബസ് കയറാനും നിവൃത്തിയില്ല.

പൊള്ളുത്ത വെയിലനുഭവപ്പെടുന്ന ഈ ഭാഗത്ത് ഫ്ലെക്സ് ബോര്‍ഡുകളുടെയും മറ്റും നിഴലിലും മറവിലുമായാണ് പലരും ബസ് കാത്ത് നില്‍ക്കാറുള്ളത്. ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാല്‍ ബസ് കാത്ത് നില്‍ക്കുന്നവര്‍ റോഡിന് പല ഭാഗങ്ങളിലായി നില്‍ക്കുന്നതിനാല്‍ അപകടങ്ങളും ഉണ്ടാവാറുണ്ട്. എപ്പോഴും ഒരുപാട് വാഹനങ്ങള്‍ കടന്ന് പോവുന്ന സ്ഥലമായതിനാല്‍ അപകട സാധ്യതയും ഇരട്ടിയാണ്.

ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് ചൂണ്ടിക്കാണിച്ച് നാട്ടുകാര്‍ ഒന്നിലധികം തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മനുഷ്യാവകാശ കമ്മിഷന്‍ ഈ മാസം 20 ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.