സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കൂരാച്ചുണ്ടുകാരൻ ബൂട്ടണിയും; നാടിന്റെ അഭിമാനതാരമായി അർജ്ജുൻ ബാലകൃഷ്ണൻ


കൂരാച്ചുണ്ട്: ഒഡീഷയില്‍ വച്ച് നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളാ ടീമിനു വേണ്ടി കൂരാച്ചുണ്ട് സ്വദേശി ബൂട്ടണിയും. കൂരാച്ചുണ്ട് പൂവത്തുംചോല നടുക്കണ്ടി പറമ്പില്‍ അര്‍ജ്ജുന്‍ ബാലകൃഷ്ണനാണ് നാടിനഭിമാനമായ നേട്ടം കൈവരിച്ചിരിക്കുന്നത്.

മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി ടീമില്‍ കളിക്കുന്നതിനിടെയാണ് അര്‍ജ്ജുന് സന്തോഷ് ട്രോഫീ ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്. സന്തോഷ് ട്രോഫി ടീമിനായുള്ള ആദ്യം സൗത്ത് സോണ്‍ സെലക്ഷന്‍ നടന്നപ്പോള്‍ കേരളാ പ്രീമിയര്‍ ടീമില്‍ എത്തുകയും പിന്നീട് ഓള്‍ ഇന്ത്യാ ടീമിലേക്ക് സെലക്ഷന്‍ ലഭിക്കുകയുമായിരുന്നു.

കേരളാ ടീമിന്റെ ആദ്യ മത്സരം നടക്കുന്നത്. ഫെബ്രുവരി 10നാണ്. ആദ്യ മത്സരത്തില്‍ കേരളം ഗോവയെ നേരിടും. പിന്നീട് 12, 14 തുടങ്ങി ഒന്നിടവിട്ട ദിവസങ്ങളിലായി അഞ്ച് മത്സരങ്ങളാണ് കേരളത്തിനുള്ളത്. കളി വിജയിക്കുന്നതിനനുസരിച്ചാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍.

എം.ജി യൂണിവേഴ്‌സിറ്റിയ്ക്കു കീഴിലുള്ള നിര്‍മ്മലാ കോളേജില്‍ അവസാന വര്‍ഷ ബി.എ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയാണ് അര്‍ജ്ജുന്‍. കൂരാച്ചുണ്ട് നടുക്കണ്ടി പറമ്പില്‍ ബാലകൃഷ്ണന്‍ ബീന ദമ്പതികളുടെ മകനാണ്. നകുല്‍ ബാലകൃഷ്ണന്‍ സഹോദരനാണ്.