മലയോര മേഖലയിലുളളവർക്കും ഇനി അതിവേഗ ഇന്റർനെറ്റ്; സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതി കെഫോണ്‍ നെറ്റ്‌വർക്ക് വടകരയില്‍ യഥാര്‍ത്ഥ്യമായി


വടകര: കേരള സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ കെ.ഫോണ്‍ നെറ്റ്‌വർക്ക് വടകരയില്‍ യഥാര്‍ത്ഥ്യമായി. നിയോജക മണ്ഡല ഉദ്ഘാടനം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ നിർവഹിച്ചു. ഏറാമല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.പി നിഷ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നിന്നും വടകര എം.എല്‍.എ കെ.കെ രമ വിട്ടുനിന്നു.

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ എം.എം വിമല, വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സന്തോഷ് കുമാര്‍, ഏറാമല പഞ്ചായത്ത് അംഗം കെ.പി ബിന്ദു എന്നിവര്‍ സംബന്ധിച്ചു.

കേരള വിഷനാണ് വീടുകളില്‍ കണക്ഷന്‍ എത്തിക്കുന്ന കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വാണിജ്യാടിസ്ഥാനത്തിലും കേരളത്തിലെല്ലായിടത്തും ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാകും. കൂടാതെ ആശുപത്രികള്‍, സ്‌ക്കൂളുകള്‍ തുടങ്ങി 30,000ത്തോളം വരുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ കെ.ഫോണ്‍ ഇന്റന്‍നെറ്റ് എത്തുമെന്നാണ് വിവരം.