‘ഇവിടെ എല്ലാം കണ്‍ട്രോളിലാണ് സാര്‍’; വനിതാദിനത്തില്‍ കനിവ് 108 ആംബുലന്‍സ് സര്‍വീസിന്റെ കണ്ട്രോള്‍ റൂം നിയന്ത്രണം ഏറ്റെടുത്ത് പെണ്‍ കരുത്ത്


തിരുവനന്തപുരം: വനിതാ ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ട്രോമ കെയര്‍ ആംബുലന്‍സ് പദ്ധതിയായ കനിവ് 108 ആംബുലന്‍സ് സര്‍വീസിന്റെ കണ്ട്രോള്‍ റൂം നിയന്ത്രണം ഏറ്റെടുത്ത് പെണ്‍ കരുത്ത്. കണ്ട്രോള്‍ റൂം മാനേജറുടെ ചുമതല ഉള്‍പ്പടെ കനിവ് 108 ആംബുലന്‍സ് സര്‍വീസിന്റെ ഹൃദയഭാഗമായ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററിന്റെ പൂര്‍ണ നിയന്ത്രണങ്ങളും ബുധനാഴ്ച വനിതാ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഓഫീസര്‍മാര്‍ക്കായിരുന്നു.

ടീം ലീഡര്‍ കാര്‍ത്തിക ബി.എസ് വനിതാ ദിനത്തില്‍ കണ്ട്രോള്‍ റൂം മാനേജരുടെ താത്കാലിക ചുമതല ഏറ്റെടുത്തു. എമര്‍ജന്‍സി റെസ്‌പോണ്‍സ് ഓഫീസറായ ഇ.എസ് നിഷ ആണ് ടീം ലീഡറിന്റെ താത്കാലിക ചുമതല നിര്‍വഹിച്ചത്. ഇരുവര്‍ക്കും കീഴില്‍ 18 വനിതാ എമര്‍ജന്‍സി റെസ്‌പോണ്‌സ് ഓഫീസര്‍മാരാണ് സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 316 കനിവ് 108 ആംബുലന്‍സുകളുടെയും നീക്കങ്ങള്‍ ബുധനാഴ്ച രാവിലെ ഏഴ് മുതല്‍ നാലു വരെയുള്ള ഷിഫ്റ്റില്‍ പൂര്‍ണമായും നിയന്ത്രിച്ചത്.

കണ്ട്രോള്‍ റൂമിലേക്ക് വരുന്ന ഓരോ അത്യാഹിത വിളികളുടെയും വിവരങ്ങള്‍ ശേഖരിക്കുകയും തുടര്‍ന്ന് ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ അത്യാഹിതം നടന്ന പ്രദേശത്തിന് സമീപമുള്ള കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിച്ചതും ഇവരായിരുന്നു.

തിരുവനന്തപുരം ടെക്‌നൊപാര്‍ക്ക് ക്യാമ്പസില്‍ സ്ഥിതി ചെയ്യുന്ന കനിവ് 108 ആംബുലന്‍സ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററില്‍ ജോലി ചെയ്യുന്ന 70 എമര്‍ജന്‍സി റെസ്‌പോണ്‍സ് ഓഫീസര്‍മാരില്‍ 30 പേര്‍ വനിതകളാണ്. കണ്ട്രോള്‍ റൂമിന് പുറമെ സംസ്ഥാനത്ത് ഒരു വനിതാ ആംബുലന്‍സ് പൈലറ്റും 219 വനിതാ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്മാരും കനിവ് 108 ആംബുലന്‍സുകളില്‍ ജോലി ചെയ്യുന്നുണ്ട്.