കുരുന്നുകള്‍ക്ക് അറിവു പകരാം, അതോടൊപ്പം അവരെ പരിചരിക്കാം; ഐ.സി.ഡി.എസ്.കുന്നുമ്മല്‍ പ്രോജക്ടിലെ വിവിധ പഞ്ചായത്തുകളില്‍ അംഗണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം


പേരാമ്പ്ര: ഐ.സി.ഡി.എസ്. കുന്നുമ്മല്‍ പ്രോജക്ടിലെ വിവിധ പഞ്ചായത്തുകളില്‍ അംഗണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നരിപ്പറ്റ, കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, വേളം പഞ്ചായത്തുകളില്‍ അംഗണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്കും മരുതോങ്കര പഞ്ചായത്തില്‍ അംഗണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷകര്‍ അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം.അംഗണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് പാസ്സായതും, ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയാവുന്നതും പത്താം ക്ലാസ് തോറ്റവരുമായ 18-46 പ്രായ പരിധിയിലുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ ഫോറത്തിന്റെ മാതൃക കുറ്റ്യാടിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍, കുന്നുമ്മല്‍, കുറ്റ്യാടി പോസ്റ്റ്, 673508 എന്ന വിലാസത്തില്‍ ജനുവരി ഒന്നിന് വൈകുന്നേരം 5 മണിക്ക് ഉള്ളില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിച്ചിരിക്കണം. അപേക്ഷ കവറിന്റെ പുറത്ത് പഞ്ചായത്തിന്റെ പേരും തസ്തികയുടെ പേരും വ്യക്തമായി എഴുതണം. ഫോണ്‍ 0496-2597584.