‘സമൂഹത്തോട് പ്രതിബദ്ധതയുമുള്ള പൗരന്മാർ കോൺഗ്രസിന്റെ പിന്നിൽ അണിനിരക്കണം’; മുല്ലപ്പള്ളി രാമചന്ദ്രൻ


വടകര: ഭരണഘടന സ്ഥാപനങ്ങളെ ദുർബലപ്പെടുത്തിയും, പാർലമെന്ററി നടപടി ക്രമങ്ങൾ അട്ടിമറിച്ചും, രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ നരേന്ദ്രമോദി ഭരണകൂടം മുച്ചൂടും തകർത്തിരിക്കുകയാണെന്ന് മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് നേതാവും, സാമൂഹ്യ പ്രവർത്തകനും ആയിരുന്ന പി.രാഘവൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം.

മോദിയുടെ കീഴിൽ നിയമ നിർമ്മാതാക്കളും, നിയമവും, നിയമപാലകരും, വിയോജിപ്പുകളെ നിശബ്ദമാക്കുവാനും, തകർക്കുവാനുമുള്ള ഏജന്റുമാരായി മാറിയിരിക്കുകയാണ്. രാജ്യത്തോട് കൂറും സമൂഹത്തോട് പ്രതിബദ്ധതയുമുള്ള പൗരന്മാർ, ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുവാനുള്ള മഹാ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന കോൺഗ്രസിന്റെ പിന്നിൽ അണിനിരക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പി രാഘവൻ മാസ്റ്റർ സ്മാരക പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണന് സമർപ്പിച്ചു. പ്രതികരണശേഷി നഷ്ടപ്പെട്ട സാംസ്കാരിക രംഗത്തെ പ്രതിഭകളിൽ നിന്നും തികച്ചും വ്യത്യസ്തനാണ് കൽപ്പറ്റ നാരായണനെന്നും, നിർഭയനായി തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടി സംസാരിക്കുവാൻ കൽപ്പറ്റ നാരായണൻ കാണിച്ചു കൊണ്ടിരിക്കുന്ന ആർജ്ജവം ശ്ലാഘനീയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അനുസ്മരണ സമിതി ചെയർമാൻ അഡ്വക്കേറ്റ് ഐ മൂസ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എഐസിസി മെമ്പർ വി.എ നാരായണൻ, കെ ബാലനാരായണൻ, സുനിൽ മടപ്പള്ളി, വി.കെ അനിൽകുമാർ, പി.ബാബുരാജ്, കെ.പി രവീന്ദ്രൻ, കെ.പി കരുണാകരൻ, അച്യുതൻ പുതിയടത്ത്, പറമ്പത്ത് പ്രഭാകരൻ, പുറന്തോടത്ത് സുകുമാരൻ, സി.കെ വിശ്വനാഥൻ, ടി.സി രാമചന്ദ്രൻ, പാമ്പള്ളി ബാലകൃഷ്ണൻ, ഭവിത്ത് മാലോൽ എന്നിവർ സംസാരിച്ചു.