വടകരയില്‍ കേബിൾ, ഇന്റർനെറ്റ് കണക്‌ഷൻ ലൈനുകൾക്കെതിരെ വൈദ്യുതി ബോർഡിന്റെ നടപടി; പരസ്പരം പഴിചാരി  വൈദ്യുതി ബോർഡും കേബി‍ൾ ഓപ്പറേറ്റർമാരും, സേവനങ്ങള്‍ തടസ്സപ്പെട്ട് വെട്ടിലായി ഗുണഭോക്താക്കൾ


വടകര: കെഎസ്ഇബി വടകര ഡിവിഷനു കീഴിലെ വിവിധയിടങ്ങളില്‍ കേബിൾ, ഇന്റർനെറ്റ് സേവനങ്ങള്‍ മുടങ്ങി.  വൈദ്യുതി പോസ്റ്റിലൂടെ വലിച്ച കേബിൾ, ഇന്റർനെറ്റ് കണക്‌ഷൻ ലൈനുകൾക്കെതിരെ വൈദ്യുതി ബോർഡ് നടപടി ആരംഭിച്ചതോടെയാണ് നിരവധി ഗുണഭോക്താക്കൾക്ക് കേബിൾ ടിവി പരിപാടികളും നെറ്റ്, വൈ ഫൈ കണക്‌ഷനുകളും മുടങ്ങിയത്.

ലൈനുകള്‍ മാറ്റുന്നത്  വൈദ്യുതി ബോർഡിന്റെ അന്യായ നടപടിയാണെന്ന് ആരോപിച്ച് കേബി‍ൾ ടിവി ഓപ്പറേറ്റർമാർ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഒരു പോസ്റ്റിന് വർഷം നാനൂറ്റിയന്‍പത് രൂപ വീതം നൽകി ലൈനിൽ ഇടുന്ന ടാഗ് വാങ്ങിയാണ് കേബിൾ, വൈഫൈ കണക്‌ഷനുകളുടെ ലൈൻ വലിക്കുന്നതെന്നും പക്ഷേ മിക്കപ്പോഴും പല ലൈനുകളും കൃത്യമായി പണം അടയ്ക്കാത്തതിനു പുറമേ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്നുമാണ് ഈ വിഷയത്തില്‍ വൈദ്യുതി ബോർഡിന്റെ വിശദീകരണം.പത്തിലധികം ലൈനുകൾ പല പോസ്റ്റുകളിലൂടെയും കടന്നു പോകുന്നതിനാല്‍ ലൈനിൽ തകരാറു സംഭവിച്ചാല്‍ അത് നന്നാക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്നും ടാഗ് ഇല്ലാത്ത കണക്‌ഷനുകൾ അനധികൃതമാണെന്നും വൈദ്യുതി ബോർഡ് ചൂണ്ടിക്കാട്ടുന്നു.

കേബിളിന്റെ സ്റ്റേ വയറിനു പകരം കേബിൾ തന്നെ കട്ട് ചെയ്യുകയാണെന്ന് ഓപ്പറേറ്റര്‍മാര്‍ പരാതിയുയര്‍ത്തുന്നുണ്ട്. കാലപ്പഴക്കം കൊണ്ട് ടാഗ് പൊളിഞ്ഞു പോകുമെന്നും അനധികൃതമായി ലൈൻ വലിച്ചിട്ടുണ്ടെങ്കിൽ കേബിൾ മുറിക്കാതെ നിയമ നടപടികളെടുക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. നോട്ടിസ് നൽകിയ ശേഷമാണ് നടപടിയിലേക്ക് നീങ്ങിയതെന്നാണ് വൈദ്യുതി ബോർഡ് അവകാശപ്പെടുന്നത്.

നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ വരും ദിവസങ്ങളിലും കൂടുതൽ പ്രദേശങ്ങളിൽ കണക്‌ഷൻ കിട്ടാത്ത അവസ്ഥ വരാന്‍ ഇടയുണ്ട്. പരീക്ഷാ കാലത്ത് വൈ ഫൈ കണക്‌ഷനുകൾ ഉൾപ്പെടെ കിട്ടാത്തതിൽ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.