വിഷുവും പെരുന്നാളും അടിപൊളിയാക്കാം; ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍


തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹികസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം നാളെ മുതല്‍. രണ്ട് ഗഡുക്കളാണ് വിതരണം ചെയ്യുക. 3200 രൂപ വീതമാണ് ഒരാള്‍ക്ക് ലഭിക്കുക. റമദാന്‍ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെന്‍ഷന്‍ വിതരണം.

പെന്‍ഷന്റെ ഒരു ഗഡു കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു. വിഷുവിന് മുന്‍പ് തന്നെ പെന്‍ഷനുകളുടെ രണ്ട് ഗഡുക്കള്‍ കൂടി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടും വീട്ടിലും പെന്‍ഷന്‍ ലഭിക്കും.

62ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ്ങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പെന്‍ന്‍ വിഹിതം മുടക്കിയ സാഹചര്യത്തിലാണ്‌ കേരളം മുന്‍കൂറായി തുക നല്‍കുന്നത്.

നേരത്തെ 600 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ 1600രൂപയായി ഉയര്‍ത്തിയതോടെ മാസം 1000കോടി രൂപയാണ് പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായി വരുന്നത്. പെന്‍ഷന്‍ ഫണ്ടിലേക്ക് ധനസമാഹരണത്തിന് രണ്ടു രൂപ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതും വലിയ സമരത്തിന് കാരണമായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേയാണ് രണ്ട് ഗഡുക്കളുടെ വിതരണം നടത്തുന്നത്. നേരത്തെ നിരവധി പ്രഖ്യാപനങ്ങളും സര്‍ക്കാര്‍ നടത്തിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2024-25 വര്‍ഷത്തെ ലീവ് സറണ്ടര്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു അതിലേറ്റവും ഒടുവിലത്തേത്.

ക്ഷേമ പെന്‍ഷന്‍ വൈകുന്നത് സംബന്ധിച്ച് ഒട്ടേറെ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന ആശങ്കയും എല്‍.ഡി.എഫ് സര്‍ക്കാരിനുണ്ടായിരുന്നു. ഇത് എല്‍.ഡി.എഫ് യോഗങ്ങളില്‍ ഉള്‍പ്പെടെ പലരും പങ്കുവച്ചിരുന്നു.