‘ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ അടിച്ച് കയ്യൊടിക്കും’; കോഴിക്കോട് കോര്‍പ്പറേഷനിലെ എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കരെ കയ്യേറ്റം ചെയ്തു


കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരസഭയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനും ദൃശ്യം പകര്‍ത്താനുമെത്തിയ മാധ്യമ പ്രവര്‍ത്തകരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ ജിതേഷ്, കേരളാവിഷന്‍ ക്യാമറാമാന്‍ വസീം അഹമ്മദ്, റിപ്പോര്‍ട്ടര്‍ റിയാസ് എന്നിവരെയാണ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.

കോര്‍പ്പറേഷന്‍ ഹാളിലെ കൗണ്‍സില്‍ യോഗത്തിനു ശേഷം പ്രതിഷേധത്തിലായിരുന്ന യു.ഡി.എഫ് കൗണ്‍സിലര്‍മാരെ കാണാന്‍ യു.ഡി.എഫ് നേതാക്കള്‍ എത്തുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. ഇതിനിടെ എല്‍.ഡി.എഫ്. പ്രവര്‍ത്തകരും കൗണ്‍സിലര്‍മാരും അവിടേക്ക് എത്തുകയും അവിടെ വെച്ച് സംസാരിക്കാന്‍ കഴിയില്ല എന്നു പറഞ്ഞ് ബഹളമുണ്ടാക്കുകയും ചെയ്തു.

തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തര്‍ക്കം കയ്യാങ്കളിയിലേക്കു മാറുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചു. അതോടെ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയായിരുന്നു.

ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ കയ്യടിച്ച് ഒടിക്കും എന്ന് ഇവര്‍ ആക്രോശവും മുഴക്കി. കയ്യാങ്കളിയായതോടെ പോലീസ് എത്തിയാണ് കൗണ്‍സിലര്‍മാരെ നീക്കിയത്. അതിനിടെ യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ മര്‍ദ്ദിച്ചു എന്നാരോപിച്ച് എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാരും പ്രതിഷേധം നടത്തി.

സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. യു.ഡി.എഫ്. പ്രവര്‍ത്തകന്‍ സിദ്ദീഖ്, എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ ജയശീല, മഹേഷ്, മുരളീധരന്‍, ഷീബ, ഷമീന എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.