വികസനപാതയില്‍ വിലങ്ങുതടിയായ മരമുത്തശ്ശിമാര്‍ ഇനിയോര്‍മ്മ; വെട്ടിമാറ്റിയവയ്ക്ക് പകരം ​വട​ക​ര റെ​യി​ൽ​വേ സ്റ്റേഷന്‍ പരിസരത്ത് പുതിയ  മരത്തൈകള്‍ നടണമെന്ന ആവശ്യം ശക്തം


വ​ട​ക​ര:  വികസനപാതയില്‍ വിലങ്ങുതടിയായ മുത്തശ്ശിമരങ്ങളെ വെട്ടിനീക്കി വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​ പ്രാകാരം നടപ്പിലാക്കുന്ന വി​ക​സ​ന പ്രവൃത്തനത്തിന്റെ ഭാ​ഗ​മാ​യാണ് മുപ്പതും അമ്പതും വര്‍ഷങ്ങളായി യാത്രക്കാര്‍ക്ക് തണല്‍ നല്‍കി റെയില്‍വേ സ്റ്റേഷനില്‍ പച്ചവിവിരിച്ച് ശിരസ്സുയര്‍ത്തിനിന്ന നിരവധി മരങ്ങള്‍ വെട്ടിമാറ്റിയത്.

വളരെ ആരോഗ്യത്തോടെ നിന്ന അമ്പതിലധികം മരങ്ങളാണ് കോടാലിക്കിരയായത്. യാത്രികര്‍ക്ക് പുറമേ ഓ​ട്ടോ, ടാ​ക്സി ഡ്രൈ​വ​ർ​മാ​രും വെയിലേല്‍ക്കാതെ വാഹനം നിര്‍ത്തിയിടാനും കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാനും ഇവിടത്തെ മരത്തണലുകളെയാണ് ആശ്രയിക്കാറ്.

തണലിടങ്ങള്‍ എന്നതിലുപരി വടകര റെയില്‍വേ സ്റ്റേഷനെ ഭംഗിയോടെ നിലനിര്‍ത്താന്‍ ഈ മരങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. തണലും തണുപ്പും റെയില്‍വേസ്റ്റേഷന്റെ തനത് ഭംഗിയും മരം മുറിച്ചുമാറ്റിയതിലൂടെ നഷ്ടമായെന്ന് അഭിപ്രായം യാത്രികര്‍ക്കുമുണ്ട്. മാത്രമല്ല സ്റ്റേഷന് മുന്നിലായി സ്ഥിതിചെയ്യുന്ന കണ്ടല്‍ക്കാടുകളും മൃതാവസ്ഥയിലാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്‍ തോതില്‍ അവിടേക്ക് വലിച്ചെറിയുന്നതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം.

കെട്ടിടമുള്ള സ്ഥലങ്ങളില്‍ നിന്ന് മാത്രം മരം മുറിച്ച് മാറ്റുന്നതിന് പകരം അനാവശ്യമായും ധാരാളം മരങ്ങള്‍ മുറിച്ച് മാറ്റിയിട്ടുണ്ടെന്നും റെയില്‍വേ സ്റ്റേഷന്‍ വികസിക്കേണ്ടതുണ്ടെങ്കിലും അതിന്റെ ഭാഗമായി ഇത്രയും മരങ്ങള്‍  മുറിച്ച് മാറ്റുമ്പോള്‍ പകരം അവിടെ മരങ്ങള്‍ വെച്ച് പിടിപ്പിക്കണം എന്ന നിയമം പ്രാവര്‍ത്തികമാക്കേണ്ടതുണ്ടെന്നും പരിസ്ഥിതി പ്രവര്‍ത്തകനും റെയില്‍വേയുടെ വികസനവുമായി ബന്ധപ്പെട്ട സൌന്ദര്യവല്‍ക്കരണ പരിസ്ഥിതി കൂട്ടായ്മയുടെ  കണ്‍വീനറുമായ മണനില്‍ മോഹനന്‍ വടകര ഡോട് ന്യൂസിനോട് പ്രതികരിച്ചു.

അടിയന്തരമായി  വികസനം നടപ്പിലാക്കുന്നതിനോടൊപ്പം സൌന്ദര്യവല്‍ക്കരണ പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കെട്ടിടത്തിനടുത്തല്ലാത്ത രീതിയില്‍ ധാരാളം മരങ്ങള്‍ വെച്ചുപിടിപ്പിക്കാനുള്ള നടപടികള്‍ റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ട് സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ സ്റ്റേഷന് മുന്നിലെ കണ്ടല്‍ വനങ്ങള്‍ പരിസ്ഥിതി സ്നേഹികളുടെ സഹായത്തോടെ സംരക്ഷിക്കുമെന്നും മണലില്‍ മോഹനന്‍ വ്യക്തമാക്കി.കഴിഞ്ഞ വര്‍ഷം സ്റ്റേഷനില്‍ ഒട്ടേറെ മരങ്ങള്‍ വെച്ച് പിടിപ്പിക്കുകയും പൂന്തോട്ടം നിര്‍മ്മിക്കുകയും ചെയ്തിരുന്നു.

വടകര സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് 21.66 കോ​ടി​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യാ​ണ് ന​ട​ക്കു​ന്ന​ത്. പതിനായിരം ചതുരശ്രമീറ്ററിൽ പാർക്കിങ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നായാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. പുതിയ പാർക്കിങ് ഏരിയ രണ്ട് തട്ടുകളിലായിട്ടാണ് ഒരുക്കുന്നത്. 2024 ഏപ്രിലോടെ പ്രവൃത്തികൾ തീർക്കാനാകുമെന്നാണ് അധികൃതരുടെ അനുമാനം.