മുങ്ങിനടന്ന 96 മോഡല്‍ പ്രതിയെ പിടികൂടി എടച്ചേരി പൊലീസ്; അറസ്റ്റിലായത് നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷം


എടച്ചേരി: വര്‍ഷങ്ങളോളം പൊലീസിനെ കബളിപ്പിച്ച് മുങ്ങിനടന്ന പ്രതിയെ പിടികൂടി എടച്ചേരി പോലീസ്. ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അബ്ക്കാരി കേസിലെ പ്രതി പൊലീസ് പിടിയിലാവുന്നത്.

1996 ല്‍ എടച്ചേരി പൊലീസ് രെജിസ്റ്റര്‍ ചെയ്ത അബ്ക്കാരി കേസിലെ പ്രതിയായ പെരുമ്പാവൂര്‍ കൂവപ്പടി സ്വദേശി ചിറ്റുപറമ്പില്‍ ഔസേപ്പ് ജോസഫ് (56) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. എടച്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചോമ്പാല പ്രദേശം കൂടി ഉള്‍പ്പെടുന്ന കാലത്താണ് മാഹിയില്‍ നിന്ന് മദ്യം കടത്തിയ കേസില്‍ ഔസേപ്പ് ജോസഫ് പിടിയിലാവുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി നടക്കുകയായിരുന്നു.

എസ്.പിയുടെ നി‍ര്‍ദ്ദേശപ്രകാരം ലോങ്ങ് പെന്‍ഡിങ്ങ് കേസുകളില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്ര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രതി പിടിയിലാവുന്നത്. കൊടനാട് പൊലീസിന്റെ സഹായത്തോടെ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ വി.കെ.കിരണിന്റെ നേതൃത്വത്തിലാണ് എടച്ചേരി പൊലീസ് ഇയാളെ പിടികൂടിയത്.എ.എസ്.ഐ സുദര്‍ശനകുമാര്‍, എസ്.സി.പി.ഒ. മനോജ് വള്ളിക്കാടന്‍, സി.പി.ഒ.ഹേമന്ത് കുമാര്‍ എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.  പ്രതിയെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.