മടപ്പള്ളി മാച്ചിനാരിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒഞ്ചിയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം


വടകര: വാഹനാപകടത്തില്‍ ഒഞ്ചിയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ദേശീയപാതയില്‍ മടപ്പളളിക്കും കേളുബസാറിനുമിടയില്‍ മാച്ചിനാരിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് മരണം . ഒഞ്ചിയം നെല്ലാച്ചേരി ചാക്ക്യേരി താഴക്കുനി സുബിന്‍ ബാബു (30) ആണ് മരിച്ചത്.

ഇന്നു രാവിലെ ആറു മണിയോടെയാണ് സംഭവം. പ്രഭാത വ്യായാമത്തിനായി മടപ്പള്ളി കോളജ് ഗ്രൗണ്ടിലേക്ക് ബൈക്കില്‍ പോവുമ്പോഴാണ് അപകടത്തില്‍പെട്ടത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറി വന്ന് യുവാവ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. അപകടസ്ഥലത്തുവെച്ച് തന്നെ തല്‍ക്ഷണം തന്നെ മരണം സംഭവിച്ചു.

ബാബുവിന്റെയും ലളിതയുടെയും മകനാണ് മരിച്ച സുബിന്‍. സഹോദരി: സുമി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിക്കും. സംസ്കാരം വ്യാഴാഴ്ച രാത്രി പത്തിന്.