മാജിക് പീ കോക്ക്, കെെ ഷോർട്ട്, സജീവമായി പടക്ക വിപണി; വിഷുത്തിരക്കിൽ വടകര


വടകര: വിഷുവിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാട്. ഇതോടെ വടകരയുൾപ്പെടെ ജില്ലയിലെ എല്ലായിടങ്ങളിലും വിഷു വിപണി സജീവമായി. പടക്കങ്ങളും, വസ്ത്രങ്ങളും, പച്ചക്കറി പലചരക്ക് സാധനങ്ങളും വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് ആളുകൾ.

വിഷു വിപണി ഉണർന്നതോടെ പടക്ക കടയിൽ തിരക്ക് തുടങ്ങി. പ്രധാന കവലകളിലെല്ലാം പടക്ക വിപണിയും സജീവമായിട്ടുണ്ട്. ഇത്തവണയും ചെെനീസ് പടക്കത്തിനാണ് കൂടുതൽ ഡിമാന്റ്. ക്രാക് ലിംഗ്, ഫ്‌ലവർപോട് തുടങ്ങിയ പുതിയ ഇനങ്ങളുണ്ട് പടക്ക വിപണിയിൽ ഇത്തവണ. വളരെ ഉയരത്തിലും കൂടുതൽ സമയവും കത്തുന്ന പൂക്കുറ്റിയാണ് ക്രാക് ലിംഗ്. ഇതുകൂടാതെ ചിറ്റ്പുട്, സ്കൈ ഷോട് (സിംഗിള്‍), നിലചക്രം, കമ്പിത്തിരി, പൂക്കുറ്റി, മാലപ്പടക്കങ്ങൾ, കളർ പെൻസിൽ എന്നിവയും ഉഗ്ര ശബ്ദത്തിൽ പൊട്ടുന്ന ബോംബും കൂടുതൽ വിറ്റഴിക്കപ്പെടുന്നുണ്ട്. കുരുവി വെടിക്കും പറങ്കി വെടിക്കും ആവശ്യക്കാർ ഏറെയുണ്ട്. 1കെ 1000 എന്ന മാലപ്പടക്കത്തിന് വലിയ ഡിമാൻഡുണ്ട്.

എട്ട് രൂപ മുതൽ രണ്ടായിരം രൂപ വരെ വിലവരുന്ന പടക്കങ്ങൾ മാർക്കറ്റിൽ ലഭ്യമാണെന്ന് വടകരയിലെ പടക്ക വ്യാപാരി പ്രശാന്ത് കുമാർവടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു. ഫാൻസി ഐറ്റങ്ങളായ മാജിക് പീ കോക്ക്, കെെ ഷോർട്ട്, ഫൗണ്ടെയ്റ്റ് തുടങ്ങിയ പടക്കങ്ങൾക്കാണ് ആവശ്യക്കാരേറെയെന്ന് അദ്ദേഹം പറഞ്ഞു.

വിഷുവിന് കോടി വാങ്ങലും ഇപ്പോൾ ഫാഷനാണ്. ഇതുമൂലം നഗരങ്ങളിലെ തുണികടകളിലെല്ലാം വൻ തിരക്കാണ്. വിഷുക്കണി ഒരുക്കാനുള്ള കൃഷ്ണ വി​ഗ്രഹം, കണിവെള്ളരി ഉൾപ്പെടെ വാങ്ങുന്നതിനും നല്ല ഡിമാന്റാണ് മാർക്കറ്റിൽ. പകൽ സമയത്തെ അസഹ്യമായ ചൂട് കാരണം വെെകുന്നേരമാണ് കടകളിലെല്ലാം തിരക്കനുഭവപ്പെടുന്നത്. കൂട്ടത്തോടെ ആളുകൾ വാഹനങ്ങളുമായി ന​ഗരത്തിലെത്തുന്നത് ​ഗതാ​ഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്.