‘പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നു, വീടുകളില്‍ കയറി നരനായാട്ട്’; പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ യു.ഡി.എഫ്


പേരാമ്പ്ര: പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ യു.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ജൂലൈ മൂന്നിനാണ് മാര്‍ച്ച് നടത്തുക. തങ്ങളുടെ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരെയും വീടുകളില്‍ കയറി പൊലീസ് നടത്തുന്ന നരനായാട്ടിനെതിരെയുമാണ് യു.ഡി.എഫ് മാര്‍ച്ച്.

പേരാമ്പ്ര നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സി.പി.എം അക്രമങ്ങളില്‍ പൊലീസ് നിസംഗത പാലിക്കുകയാണ്. കോണ്‍ഗ്രസ്, ലീഗ് ഓഫീസുകള്‍ നശിപ്പിച്ച സംഭവങ്ങളില്‍ പോലും പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി.

കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട് യോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ചെയര്‍മാന്‍ ടി.കെ.ഇബ്രാഹിം അധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍, നിയോജകമണ്ഡലം കണ്‍വീനര്‍ കെ.എ.ജോസ്‌കുട്ടി, ആര്‍.കെ.മുനീര്‍, ഇ.അശോകന്‍, രാജന്‍ മരുതേരി, കെ.കെ.വിനോദന്‍, കെ.പി.വേണുഗോപാല്‍, എസ്.കെ.അസൈനാര്‍, ടി.പി.ചന്ദ്രന്‍, കെ.ടി.രാമചന്ദ്രന്‍, പി.എം.പ്രകാശന്‍, പുതുക്കുടി അബ്ദുറഹിമാന്‍, ഇ.കെ.അഹമ്മദ് മൗലവി, രാജന്‍ കെ. പുതിയേടത്ത്, പി.എസ്.സുനില്‍കുമാര്‍, എം.കെ.സുരേന്ദ്രന്‍, ടി.പി.നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.