‘ഇനി കൊല്ലവർഷം 1200 കുംഭം 3 ന് അങ്ക തട്ടിൽ വീണ്ടും കാണാം’ എന്ന് പ്രതിഞ്ജ ചൊല്ലിപ്പിരിഞ്ഞ് യോദ്ധാക്കള്‍; കടത്തനാടന്‍ കളരി മഹോത്സവത്തിന് തിരശ്ശീല വീണു


വടകര: കടത്തനാടൻ സംസ്കൃതിയുടെ കളരി മഹോത്സവത്തിന് തിങ്കളാഴ്ച സമാപനം. കടത്തനാടൻ കളരി പാരമ്പര്യത്തെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമായി വടകര നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കളരി മഹോത്സവം 2024 ൻ്റെ സമാപന സമ്മേളനം പത്മശ്രീ ജേതാവ് മീനാക്ഷിയമ്മ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു.

തച്ചോളി ഒതേനൻ കതിരൂർ ഗുരുക്കളുമായി അങ്കം കുറിച്ചതിന്റെ ഓര്‍മയിലാണ് എല്ലാ മലയാളമാസം കുംഭം മൂന്നിനും കളരി മഹോത്സവം തുടങ്ങുന്നത്.  വരും കൊല്ലവർഷം 1200 കുംഭം 3 ന് അങ്ക തട്ടിൽ വീണ്ടും കാണാം എന്ന പ്രതിജ്ഞയോടു കൂടിയാണ് ഇക്കുറി ഫെബ്രുവരി 16 ന് ആരംഭിച്ച മഹോത്സവം അവസാനിച്ചത്.

സമാപന പരിപാടിയില്‍ കടത്തനാടൻ കളരിയുടെ സാംസ്കാരിക പൈതൃകം എന്ന വിഷയത്തിൽ ഡോ.വിജയരാഘവൻ പ്രഭാഷണം നടത്തി. പത്മശ്രീ മീനാക്ഷി ഗുരുക്കൾ, കരുണൻ ഗുരുക്കൾ, ദേവരാജൻ ഗുരുക്കൾ, മുകുന്ദൻ ഗുരുക്കൾ എന്നിവരെ നഗരസഭാ ചെയർപേഴ്സൻ കെ.പി. ബിന്ദു ആദരിച്ചു.

കടത്തനാട് .കെ പി. ചന്ദ്രൻ ഗുരുക്കൾ സമാരക കളരി വെളുത്ത മല, കടത്തനാട് കളരി ഫൗണ്ടേഷൻ പുതുപ്പണം, കടത്തനാട് കളരി സംഘം പുറമേരി എന്നിവരുടെ കളരി അഭ്യാസപ്രകടനം പരിപാടി ആകര്‍ഷകമാക്കി. സമാപന സമ്മേളനത്തിന് മിഴിവേകാന്‍ അതുൽ നറുകര ആൻ്റ് ടീം അവതരിപ്പിച്ച നാടൻപാട്ട് ബാൻ്റ് ഫ്യൂഷനുമുണ്ടായിരുന്നു.

സജീവ് കുമാർ അധ്യക്ഷനായ സമാപന പരിപാടിയില്‍ കാനപ്പള്ളി ബാലകൃഷ്ണൻ സ്വാഗതവും എം.ബിജു നന്ദിയും പറഞ്ഞു.