ഉപതെരഞ്ഞെടുപ്പ്; വില്ല്യാപ്പള്ളി ചല്ലിവയലിൽ പോളിംഗ് ശതമാനം 64 കടന്നു, വോട്ടെടുപ്പ് പുരോഗമിക്കുന്നു


വില്യാപ്പള്ളി: വില്ല്യാപ്പള്ളി പഞ്ചായത്തിലെ ചല്ലിവയലിൽ പോളിംഗ് ശതമാനം 64 കടന്നു. വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വില്യാപ്പള്ളി പഞ്ചായത്ത് പതിനാറാം വാര്‍ഡായ ചല്ലിവയലില്‍ വോട്ടെടുപ്പ് തുടരുന്നു. രാവിലെ തിരക്ക് അനുഭവപ്പെട്ടെങ്കിലും ഉച്ചയോടെ തിരക്ക് കുറഞ്ഞു.

ചല്ലിവയലിലെ സാംസ്‌കാരികനിലയത്തില്‍ ഒരുക്കിയ രണ്ട് ബൂത്തുകളിലായി രാവിലെ കൃത്യം ഏഴുമണിയോടെ തന്നെ പോളിംഗ് ആരംഭിച്ചിരുന്നു. പോളിംഗ് തുടങ്ങുന്നതിന് മുന്‍പായി രാവിലെ 6 മണിയ്ക്ക് മോക്ക് പോള്‍ നടത്തി. വൈകുന്നേരം 6 മണി വരെയാണ് വോട്ട് രേഖപ്പെടുത്താൻ കഴിയുക.

മൂന്നുപേരാണ് മത്സരരംഗത്തുള്ളത്. എല്‍.ഡി.എഫിനായി സി.പി.എമ്മിലെ ജ്യോതി ബി.എസ് പുത്തൂര്‍, യു.ഡി.എഫിനുവേണ്ടി കോണ്‍ഗ്രസിലെ എന്‍.ബി പ്രകാശന്‍, ബി.ജെ.പി.യുടെ എം.പി സോമശേഖരന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. വാര്‍ഡ് മെമ്പറായിരുന്ന എല്‍.ഡി.എഫിലെ പി.പി ചന്ദ്രന്‍ മാസ്റ്റര്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായതിനെത്തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്.

വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ കൊടിയൂറ ഉള്‍പ്പെടെ സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നത്. 14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളില്‍ നിന്നായി 114 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ ചല്ലിവയലിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 47 പേര്‍ സ്ത്രീകളാണ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13ന് രാവിലെ 10 മുതല്‍ പഞ്ചായത്ത് ഓഫീസില്‍ നടക്കും.