ജീവന്‍ തുടിക്കുന്നതും കണ്ടാല്‍ മതിവരാത്തതുമായ നാലായിരം ചിത്രങ്ങള്‍; പുത്തൂരിന് ആഘോഷമായി പന്ത്രണ്ടുകാരന്‍ ഹെര്‍ഷലിന്റെ ചിത്രപ്രദര്‍ശനം


വടകര: ഒരുവിദ്യാലയമായമാകെ പന്ത്രണ്ടുവയസ്സുകാരന്റെ വരകളും വര്‍ണങ്ങളും കൊണ്ട് അലങ്കരിക്കപ്പെട്ട ഒരു അപൂര്‍വ കാഴ്ച്ചയായിരുന്നു പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച്ച ഒരുക്കപ്പെട്ടിരുന്നത്. എവിടെത്തിരിഞ്ഞാലും ചിത്രങ്ങള്‍ മാത്രം, അതും പ്രതിഭ തുളമ്പിയൊഴുകുന്ന വര്‍ണസൃഷ്ടികള്‍. സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി ഹെര്‍ഷല്‍ ദീപ്തെ എന്ന കൊച്ചു പ്രതിഭയുടെ നാലായിരത്തോളം ചിത്രങ്ങളാണ് സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചത്.

11 ക്ലാസ്മുറികള്‍, ഹാളുകള്‍, ചുറ്റമുള്ള വരാന്തകള്‍, മുറ്റം തുടങ്ങിയ ഇടങ്ങളിലെല്ലാമായി മൂന്ന് ദിവസമെടുത്താണ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി സജ്ജീകരിച്ചത്. നാട്ടുകാരും വിദ്യാര്‍ഥികളും മറ്റ് സ്‌കൂളുകളിലെ കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പ്രദര്‍ശനം കണാനായി എത്തി.

 

പ്രദര്‍ശനം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി മനോജ് കുമാര്‍ മുഖ്യാതിഥിയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു പ്രേമന്‍ അധ്യക്ഷതവഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ നളിനാക്ഷന്‍, കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ യു.കെ അബ്ദുല്‍ നാസര്‍, പി.ടി.എ പ്രസിഡന്റ് പി.എം ജയപ്രകാശ്, പ്രിന്‍സിപ്പല്‍ എം പ്രമോദ് കുമാര്‍, പ്രധാനാധ്യാപിക പി.പി പ്രേമലത, സജീവന്‍ മഠത്തില്‍, പി.പി രാജേഷ് എന്നിവര്‍ സംസാരിച്ചു.

പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ തന്നെ അധ്യാപകന്‍ ടി.പി ബിനീഷിന്റെയും കോഫിബോര്‍ഡ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മഹിജയുടെയും മകനാണ് മുക്കാളി സ്വദേശിയായ ഹെര്‍ഷല്‍. മൂന്നാംവയസ്സില്‍ അക്ഷരം പഠിക്കുന്നതിനുമുമ്പെതന്നെ ചിത്രങ്ങള്‍ വരച്ചുതുടങ്ങി. അക്ഷരം പഠിച്ചപ്പോള്‍ ഓരോ അക്ഷരവും ചിത്രങ്ങളായി മാറി. പിന്നീട് വരയൊരു അഭിനിവേശമായി മാറുകയായിരുന്നെന്ന് ഹെര്‍ഷലിന്റെ അച്ഛനും അധ്യാപകനുമായ ടി.പി ബിനീഷ് പറയുന്നു.

അമേരിക്കയിലെ ആദ്യപ്രസിഡന്റ് ജോര്‍ജ് വാഷിങ്ടണ്‍മുതല്‍ ജോ ബൈഡന്‍വരെയുള്ള 45 അമേരിക്കന്‍ പ്രസിഡന്റുമാരുടെ സീരിസ്, ഇന്ത്യയിലെ പ്രസിഡന്റുമാരുടെയും പ്രധാനമന്ത്രിമാരുടെയും സീരിസ് എന്നിവയെല്ലാം ശ്രദ്ധേയമാണ്. വരച്ച ചിത്രങ്ങളെല്ലാം കൃത്യമായി ഫയല്‍ചെയ്യും. 40 ചിത്രങ്ങളായാല്‍ ഒരു ഫയല്‍. ഇത്തരത്തിലുള്ള 100 ഫയലുകളുണ്ട് ഇപ്പോള്‍.