വെള്ളികുളങ്ങരയിലെ ആറുവയസ്സുകാരന്‍ മുഹമ്മദ് ഹൈദിന്റെ മരണം; ചികിത്സാപിഴവുണ്ടോ എന്ന് അന്വേഷിക്കാനായി ആശുപത്രിയിലെത്തി ബന്ധുക്കളും ജനപ്രതിനിധികളും


ഒഞ്ചിയം: വെള്ളികുളങ്ങര സ്വദേശി മുഹമ്മദ് ഹൈദിന്‍ എന്ന ആറ് വയസുകാരന്റെ മരണത്തില്‍ ചികിത്സാപിഴവ് സംഭവിച്ചതായി സംശയമുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കളും ജനപ്രതിനിധികളുമടങ്ങുന്ന സംഘം സി.എം ആശുപത്രിയിലേക്കെത്തി. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് അനാസ്ഥ പറ്റിയിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കാനാണ് ഇവര്‍ ബുധനാഴ്ച രാത്രി ആശുപത്രിയില്‍ എത്തിയത്.

ഉപ്പൂപ്പയുടെ കൈപിടിച്ച് നടന്ന് ആശുപത്രിയിലെത്തിയ കുട്ടിയെ ഡോക്ടര്‍ അഡ്മിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും  ഇഞ്ചക്ഷന്‍ നല്‍കിയതിന് ശേഷം കുട്ടി വേദനകൊണ്ട് പുളയുന്ന അവസ്ഥയിലെത്തുകയും പിന്നീട് ബോധരഹിതനാവുകയും ചെയ്യുകയായിരുന്നുവെന്ന് ഒഞ്ചിയം പ്രസിഡന്റ് ശ്രീജിത്ത്.പി വടകര ഡോട് ന്യൂസിനോട് പറഞ്ഞു. തുടർന്ന് സി.എം ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ മുഖാന്തരം കുട്ടിയെ പാര്‍ക്കോ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിക്ക് ഇഞ്ചക്ഷന്‍ നല്‍കുമ്പോള്‍ കാണിക്കേണ്ട പ്രാഥമിക ശ്രദ്ധ പോലും പാലിച്ചിരുന്നില്ല എന്നതാണ് ഇതിനെക്കുറിച്ച് ആരോഗ്യമേഖലയിലുള്ള വിദഗ്ധരുമായി ചര്‍ച്ച ചെയ്തപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടിയുടെ മരണത്തില്‍ വടകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ബന്ധുക്കള്‍ എഫ്ഐആറില്‍ മൊഴിയുടെ ഭാഗമായി പ്രാഥമികമായ പരാതി നല്‍കിയിട്ടുണ്ടെങ്കിലും അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉള്‍പ്പെടെ വിശദമായ പരാതി സമര്‍പ്പിക്കാനാണ് തീരുമാനം.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ മൃതദേഹം ഓര്‍ക്കാട്ടേരി ജുമാമസ്ജിദില്‍  ഖബറടക്കി. പായിക്കുണ്ടില്‍ ജമീലയുടെയും ആരിഫിന്റെയും മകനാണ് മുഹമ്മദ് ഹൈദിന്‍. ഓര്‍ക്കട്ടേരി എം.എം സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിയായിരുന്നു.