ആയഞ്ചേരി പഞ്ചായത്ത് പ്രഡിഡന്റിനെ തടഞ്ഞ് വെച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍; തൊഴില്‍ നല്‍കിയില്ലെന്ന് പരാതി


ആയഞ്ചേരി: ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റിനെ തൊഴിലുറപ്പ് തൊഴിലാളികള്‍ തടഞ്ഞുവെച്ചു. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ 50 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ കൊടുക്കാതെ കുറച്ച് പേര്‍ക്ക് മാത്രം മസ്‌ട്രോള്‍ അടിച്ച് തൊഴില്‍ നല്‍കിയ നടപടിയെ തുടര്‍ന്നാണ് തൊഴിലാളികള്‍ പ്രസിഡന്റിനെ തടഞ്ഞത്.

പ്രതിഷേധത്തിന്റെ ഭാഗമായി സമരമായി പഞ്ചായത്ത് ഓഫീസിലെത്തിയ തൊഴിലാളികള്‍ പ്രസിഡന്റിനെ തടഞ്ഞുവെക്കുകയായിരുന്നു. അഞ്ചാം വാര്‍ഡ് മെമ്പറായ വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവില്‍ വാര്‍ഡില്‍ ശുചീകരണം നടത്താന്‍ ആവശ്യപ്പെട്ടിട്ടും വരാത്ത കാരണത്താലാണ് ഒരു വിഭാഗം തൊഴിലാളികളെ ഒഴിവാക്കിയത് എന്നാണ് തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ ആരും ശുചീകരണം നടക്കുന്ന വിവരം അറിയിച്ചിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

പ്രശ്‌നത്തെ തുടര്‍ന്ന് തൊഴിലാളികള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. ലീല സി.എച്ച്. ശ്രീജ കെ., സതി.കെ, ഷൈജ.പി, കമല പി.കെ, ജാനു സി.വി എന്നിവര്‍ നേതൃത്വം നല്‍കി.