നാലുപെണ്ണുങ്ങള്‍ കൊയ്‌തെടുത്തു കരുത്തിന്റെ നൂറുമേനി കതിര്‍മണികള്‍; മണിയൂര്‍ ചെരണ്ടത്തൂര്‍ ചിറയിലെ പാഠശേഖരത്തില്‍ രണ്ടേക്കറില്‍ വിളവെടുപ്പ് നടത്തി


വടകര: വരണ്ടുണങ്ങി വീണ്ടുകീറിയ വയലില്‍ നാല് പെണ്ണുങ്ങള്‍ ചേര്‍ന്ന് കൊയ്‌തെടുത്തത് ഒത്തൊരുമയുടെയും കഠിനാദ്ധ്വാനത്തിന്റെയും നെന്മണികള്‍. മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂര്‍ ചിറയിലെ പാഠശേഖരത്തിലെ രണ്ടേക്കറില്‍ സ്ത്രീകള്‍ മാത്രമുള്ള നാലു പേരടങ്ങിയ കൂട്ടായ്മ നെല്‍കൃഷിയില്‍ നൂറുമേനി വിജയം കൊയ്തത്.

മങ്കരയിലെ കോറോത്തും കണ്ടി താഴ മല്ലിക, കൃഷ്ണ നിവാസിലെ ബിന്ദു, നെല്ലോളിതാഴ പത്മിനി, പൊടിയില്‍ ലില്ലി എന്നിവര്‍ ചേര്‍ന്നാണ് നാടിന് മാതൃകയായി നെല്‍കൃഷിയില്‍ വിജയം കൊയ്തത്. പ്രതീക്ഷിച്ചപോലെ കനാല്‍ വെള്ളം ലഭിക്കാതിരുന്നത് കൃഷിയെ സാരമായി ബാധിച്ചു. ആത്മ സമര്‍പ്പണം കൈമുതലാക്കി വരണ്ടുണങ്ങിയ വയലില്‍ കിലോമീറ്ററുകള്‍ താണ്ടി തലച്ചുമടായി വെള്ളമെത്തിച്ചാണ് നെല്ലിന് ജലസേചനം നടത്തിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പുതുക്കാട്ടിലെ ക്ഷേത്ര ഉത്സവ നാളിലാണ് വിത്തെറിഞ്ഞത്. ‘ഉമ’ ഇനത്തില്‍പ്പെട്ട വിത്ത് പ്രാദേശികമായി ശേഖരിച്ചാണ് വിത്തിറക്കിയത്. പറിച്ച് നട്ടതും വിത്തിട്ടതും വളമിട്ടതും ഇവരുടെ കൂട്ടായ്മയുടെ കഠിനാദ്ധ്വാനം മാത്രം. മഴയ്ക്ക് സാധ്യത മുന്നില്‍ കണ്ട് ഇക്കഴിഞ്ഞ ദിവസം കൊയ്ത്തു യന്ത്രത്തിന്റെ സഹായത്താല്‍ കൊയ്ത്ത് നടത്തി.

കഠിനാധ്വാനത്തിന്റെ ഫലം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനാണ് നാലു പേരുടേയും തീരുമാനം. അടുത്ത കൃഷിക്കുള്ള തയ്യാറെടുപ്പും നാല്‍വര്‍ സംഘം തുടങ്ങിയിട്ടുണ്ട്. കൃഷിക്ക് വെള്ളമില്ലാത്തതിനാല്‍ വയലേലകള്‍ തീവെച്ച് നശിപ്പിച്ച നാട്ടില്‍ മനക്കരുത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും പുത്തന്‍ വിജയഗാഥ തീര്‍ത്ത് മാതൃക കാട്ടുകയാണിവര്‍.