റോഡിലെ നീണ്ട വരിയിൽ കുരുങ്ങി വടകരയുടെ വൈകുന്നേരങ്ങള്‍; നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം വേണമെന്ന് യാത്രക്കാർ


ടകര: ഗതാഗതക്കുരുക്കില്‍ വലഞ്ഞ് വടകര നഗരം. അഴിയാക്കുരുക്കിലമര്‍ന്ന് ക്ഷമപരീക്ഷിക്കപ്പെട്ട്  നില്‍ക്കുന്ന യാത്രികര്‍ നഗരത്തിലെ സ്ഥിരം കാഴ്ചയാണ്. എത്ര ധൃതിപിപ്പെട്ട് പോവേണ്ട അവസ്ഥയുണ്ടായാലും ഇവിടെ നിന്ന്  പെട്ടന്നൊന്നും രക്ഷപ്പെടാന്‍ സാധിക്കില്ല. വൈകുന്നേരമാകുന്നതോടെ മുന്നോട്ട് പോവാന്‍ പറ്റാതെ ഒന്നിന് പിറകെ ഒന്നായി കിടക്കുന്ന വണ്ടികള്‍ റോഡില്‍ വലിയ ക്യൂ തന്നെ ഉണ്ടാക്കുന്നു.
നഗരത്തിലെ പുതിയ സ്റ്റാന്‍ഡ്, നാരായണനഗരം ജങ്ഷന്‍, ലിങ്ക് റോഡ് ജങ്ഷന്‍, അടക്കാത്തെരു ജങ്ഷന്‍, മാര്‍ക്കറ്റ് റോഡ്, അഞ്ചുവിളക്ക് ജങ്ഷന്‍, പഴയ സ്റ്റാന്‍ഡ് പരിസരം, എടോടി, റെയില്‍വേ സ്റ്റേഷന്‍, കൈനാട്ടി തുടങ്ങിയവയാണ് ശക്തമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മേഖലകള്‍.

കൂടാതെ വടകര ബൈപാസ്, മാര്‍ക്കറ്റ് റോഡ്, അഞ്ചുവിളക്ക് ജങ്ഷന്‍ എന്നിവിടങ്ങളിലെ അനിയന്ത്രിതമായ തിരക്കും ഗതാഗതം ആകെ താറുമാറാക്കുന്നുണ്ട്. പ്രധാന പാതയായ പഴയ ബസ് സ്റ്റാന്‍ഡ് വഴിയുള്ള യാത്ര വൈകുന്നേരങ്ങളില്‍ വൈകുന്നേരങ്ങളില്‍ യാത്രികരെ ശെരിക്കും വെട്ടിലാക്കും.  ഗതാഗതക്കുരുക്കില്‍ പെട്ട് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്നത് ഓഫീസ്, കോളേജ്, സ്കൂള്‍ സമയം കഴിഞ്ഞ് വീട്ടിലേക്ക് തിരികെ മടങ്ങുന്നവരാണ്.

ട്രാഫിക് സംവിധാനങ്ങളുണ്ടെങ്കിലും പലയിടങ്ങളിലും ആവശ്യത്തിന് ട്രാഫിക്ക് പൊലീസിനെ വിന്യസിക്കാന്‍ കഴിയാത്തതും വാഹനങ്ങളുടെ റോഡിനിരുവശത്തുമുള്ള അനധികൃത പാര്‍ക്കിങ്ങും സുഗമമായ ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് യാത്രികര്‍ പറയുന്നത്. ലിങ്ക് റോഡ് വഴിവരുന്ന വാഹനങ്ങള്‍ പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നതും പഴയ ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള റോഡുകളില്‍ ഗതാഗതക്കുരുക്കുണ്ടാവാന്‍ കാരണമാകുന്നുണ്ട്. ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം വേണമെന്ന് യാത്രക്കാരുടെ ഭാഗത്ത് നിന്ന് നിരന്തരമായ ആവശ്യമുയരുന്നുണ്ട്
പഴയ ബസ് സ്റ്റാന്‍ഡില്‍നിന്ന് സര്‍വീസ് നടത്തിയിരുന്ന ചില ബസുകള്‍ പരീക്ഷണത്തിന്റെ ഭാഗമായി ലിങ്ക് റോഡ് വഴിയാക്കിയതും ഗതാഗതപ്രശ്നം കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്. ഏറ്റവുമധികം കളക്ഷന്‍ കിട്ടുന്ന സമയങ്ങളില്‍ പോലും ഗതാഗതക്കുരുക്കില്‍പെട്ട്  സമയക്രമം പാലിക്കാന്‍ പറ്റാത്തതിനാല്‍ ട്രിപ്പുകള്‍ പലതും കട്ട് ചെയ്യേണ്ട അവസ്ഥയിലാണ് പല സ്വകാര്യ ബസ്സുകളും. ഇത്ക നത്ത സാമ്പത്തിക ബാധ്യതയാണ് ഉടമകള്‍ക്ക്  വരുത്തിവെക്കുന്നത്.

ഗതാഗത സംവിധാനങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും വിവിധയിടങ്ങളിലായി നടക്കുന്ന റോഡ് പണികളും വാഹനങ്ങളുടെ ആധിക്യവുമാണ് നഗരത്തിലെ നിലവിലെ ഗതാഗത പ്രശ്നത്തിന് കാരണമെന്നും വടകര ട്രാഫിക് പൊലീസ് വടകര ഡോട് ന്യൂസിനോട് വ്യക്തമാക്കി. അനധികൃത പാര്‍ക്കിങ്ങ് പോലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ ഫൈന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.