പ്രകൃതി സൗന്ദര്യം വർണ്ണങ്ങളാൽ ഒപ്പിയെടുത്തു; അധ്യാപകൻ വരച്ച ചിത്രങ്ങളുടെ പ്രദർശനവുമായി പൊയിൽക്കാവ് യു.പി സ്കൂൾ


കൊയിലാണ്ടി: പച്ചപ്പും ഹരിതാഭവും ക്യാൻവാസിൽ പകർന്നപ്പോൾ സ്റ്റാറായി സൂരജ് കുമാർ മാഷ്. പൊയിൽക്കാവ് യു.പി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചതാണ് ചിത്രകലാധ്യാപകൻ സൂരജ് കുമാർ വരച്ച പരിസ്ഥിതി ചിത്രങ്ങളുടെ പ്രദർശനം നടത്തിയത്. ഇതിനോടൊപ്പം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഔഷധ സസ്യ പരിപാലകനുമായ ചന്തുക്കുട്ടിയാട്ടനുമായി അഭിമുഖവും അക്ഷര മര നിർമ്മാണവും നടത്തി.

ചന്തുക്കുട്ടിയാട്ടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ വൃക്ഷത്തൈ നടുകയും വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ വിതരണവും ചെയ്തു. തുടർന്ന് അക്ഷര മര നിർമ്മാണവും കൗതുകമായി. ചന്തുക്കുട്ടിയാട്ടനുമായി ഔഷധ സസ്യങ്ങളെ പറ്റിയും കൃഷി രീതികളെ പറ്റിയും കുട്ടികൾ ഏറെ നേരം സംസാരിച്ചു.

ചടങ്ങിൽ ഹെഡ്മിസ്ട്രസ് രോഷ്നി ആർ, എസ് ആർ ജി കൺവീനർ ജിതേഷ് കൊയമ്പ്രത്ത്, പരിസ്ഥിതി ക്ലബ്ബ് കൺവീനർ രശ്മി സി കെ എന്നിവർ സംസാരിച്ചു.