ഓര്‍ക്കാട്ടേരി കെ.കെ.മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ  ശോചനീയാവസ്ഥ പഴങ്കഥയാകും; പരിമിതികള്‍ക്ക് പരിഹാരം കാണുമെന്ന് ഉറപ്പുനല്‍കി വിദ്യാഭ്യാസ മന്ത്രി


ടകര: ഓര്‍ക്കാട്ടേരി കെ.കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കെ .കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്കൂളിലെ പി.ടി.എ പ്രതിനിധികള്‍ മന്ത്രിയെ സന്ദര്‍ശിച്ച അവസരത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഓര്‍ക്കാട്ടേരി പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് ഓര്‍ക്കാട്ടേരി ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. സമീപ പ്രദേശങ്ങളിലെ പല സ്കൂളുകളും കാലത്തിനൊപ്പം മികച്ച സംവിധാനങ്ങളുമായി മുന്നേറുമ്പോള്‍ പല കാര്യങ്ങളിലും പരിമിതികളില്‍ നിന്നുകൊണ്ടാണ്  ഓര്‍ക്കാട്ടേരി കെ.കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

സ്കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി ഹൈസ്കൂള്‍ വിഭാഗത്തിന് ആറ് ക്ലാസ് മുറികള്‍, സയന്‍സ്, ഐ .ടി ലാബുകള്‍ , ലൈബ്രറി, ഭോജനശാല, റിസോഴ്സ് റൂം എന്നിവ ഉള്‍പ്പെട്ട കെട്ടിട സമുച്ചയത്തിന് നേരത്തെ തന്നെ മൂന്ന് കോടി 90 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പദ്ധതി നടപ്പിലായിരുന്നില്ല. പ്രസ്തുത പദ്ധതിയുടെ സാങ്കേതിക തടസം മാറ്റി പ്രവൃത്തി ആരംഭിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ഈ മാസം 27ന് വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.

വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് കെട്ടിടം നിര്‍മ്മിക്കാനായി എസ്റ്റിമേറ്റ് തയാറാക്കി നല്‍കാന്‍ പൊതുമരാമത്ത് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സ്ഥിരം അദ്ധ്യാപകരെ നിയമിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വടകര എംഎല്‍.എ കെ.കെ.രമ, പിടിഎ പ്രസിഡന്റ് സി.പി.രാജന്‍, വി.എച്ച്‌.എസ്.സി.ഇ പ്രിന്‍സിപ്പാള്‍ ജി. ജയഹരി, സ്റ്റാഫ് സെക്രട്ടറി ടി.അഖിലേന്ദ്രന്‍, എസ്.ആര്‍.ജി കണ്‍വീനര്‍ കെ.രാധാകൃഷ്ണന്‍, എം.ടി.കെ ഷാജി എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രി വി.ശിവന്‍കുട്ടിയെ സന്ദര്‍ശിച്ചത്.