അംഗികാരം ലഭിച്ച 193 പ്രൊജക്ടുകളില്‍ 44 പ്രൊജക്ടുകള്‍ നടപ്പിലാക്കിയില്ല; ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ മൂന്നേമുക്കാല്‍ കോടി തുക ചെലവഴിച്ചില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്


ആയഞ്ചേരി: ഗ്രാമ പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അംഗീകാരം വാങ്ങിയ പദ്ധതിയില്‍ 55 ശതമാനം തുകമാത്രമേ ചെലവഴിച്ചിട്ടുള്ളുവെന്ന് കണ്ടെത്തല്‍. സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനയിലാണ് പലപദ്ധതികളും നടപ്പിലാക്കാതെ പണം നഷ്ടപ്പെടുത്തിയതായി കണ്ടെത്തിയത്.

അംഗികാരം ലഭിച്ച 193 പ്രൊജക്ടുകളില്‍ 44 പ്രൊജക്ടുകള്‍ നടപ്പിലാക്കിയില്ല. 8,43, 32,325 രൂപ പദ്ധതിയില്‍ വകയിരുത്തിയതില്‍ 4,68,54,066 രൂപ മാത്രമേ ചെലവഴിച്ചുള്ളു, 3, 74,78,259 രൂപ ചെലവാക്കിയില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച തുകയാണ് ലാപ്‌സായിരിക്കുന്നത്. ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍, വീട് നിര്‍മാണത്തിനുള്ള അനുമതി ഉള്‍പ്പടെ യഥാസമയം നല്‍കാതെ കാലതാമസം വരുത്തിയതിനുള്ള കാരണം അറിയിക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ആയഞ്ചേരി പഞ്ചായത്ത് യുഡിഎഫ് ഭരണം പൂര്‍ണ പരാജയമാണെന്ന എല്‍ ഡി എഫ് ആക്ഷേപം ശരിവെക്കുന്നതാണ് ഓഡിറ്റ് റിപ്പോര്‍ട്ടെന്ന് എല്‍.ഡി.എഫ് മെമ്പര്‍മാരുടെ യോഗം വിലയിരുത്തി. എല്‍.ഡി.എഫ് മെമ്പര്‍മാര്‍ ജയിച്ച വാര്‍ഡുകളോട് കാണിക്കുന്ന വിവേചനവും ഫണ്ട് ലാപ്‌സാവുന്നതിന് കാരണമായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.

ടി.വി കുഞ്ഞിരാമന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. ടി സജിത്ത്, സുധ സുരേഷ്, പ്രബിത അണിയോത്ത്, ശ്രീലത എന്‍.പി, പി രവീന്ദ്രന്‍, ലിസ പുനയംകോട്ട് എന്നിവര്‍ സംസാരിച്ചു.