‘പണ്ട് നായയെ വളര്‍ത്തി ശീലമുള്ളത് കൊണ്ട് ആത്മവിശ്വാസമുണ്ടായിരുന്നു’; മൂരാട് എട്ടുവയസുകാരിയടക്കം നാല് പേരെ അക്രമിച്ച തെരുവുനായയെ കീഴ്‌പ്പെടുത്തി യുവാവ്


വടകര: മൂരാട്, പെരിങ്ങാട് ഭാഗങ്ങളില്‍ ഇന്നലെ തെരുവുനായ അക്രമണത്തില്‍ പരിക്കേറ്റത് എട്ടുവയസുകാരിയടക്കം നാലു പേര്‍ക്കായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ അക്രമണത്തിന്റെ അമ്പരപ്പ് മാറുന്നതിന് മുമ്പ് തന്നെ അക്രമണത്തില്‍ പരിക്കേറ്റ യുവാവ് നായയെ കീഴ്‌പ്പെടുത്തിയതിനാല്‍ കൂടുതല്‍ പേരെ നായ അക്രമിക്കുന്നത് തടയാന്‍ സാധിച്ചു.

ഓയില്‍മില്‍ സ്വദേശിയായ ശ്രീരേഷ് ഒഴിവയലില്‍ ആണ് തെരുവുനായയെ പിടിച്ചുകെട്ടിയത്. വീടിന്റെ പിറക് വശത്ത് നില്‍ക്കുകയായിരുന്ന മകള്‍ക്ക് നേരെയായിരുന്നു നായയുടെ അക്രമണം ആദ്യം ഉണ്ടായത്. മകള്‍ ഓടി അടുക്കളയിലേക്ക് കയറിയതോടെ നായയും അകത്തേക്ക് കടക്കാന്‍ നോക്കി. ഇതിനിടെ വീട്ടുകാര്‍ വെള്ളം നായയുടെ ശരീരത്തിലേക്ക് ഒഴിച്ചതോടെയാണ് നായ തിരിഞ്ഞോടിയത്. പിന്നീട് അല്‍പ സമയം കഴിഞ്ഞ് വീടിന് പുറത്ത് നില്‍ക്കുമ്പോഴാണ് യാതൊരു പ്രകോപനവും കൂടാതെ നായ വന്ന് ശ്രീരേഷിന്റെ കാലിന് കടിക്കുന്നത്.

എന്നാല്‍ ധൈര്യം സംഭരിച്ച് ശ്രീരേഷ് നായയെ കടന്നു പിടിച്ചു. വീട്ടില്‍ മുമ്പ് നായയെ വളര്‍ത്തി ശീലമുണ്ടായിരുന്നു. അതിന്റെ ആത്മവിശ്വാസത്തിലാണ് നായയെ കടന്നുപിടിച്ചതെന്ന് ശ്രീരേഷ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. പിന്നാലെ സമീപത്തുണ്ടായിരുന്ന നാട്ടുകാരും ഓടിയെത്തി. അക്രമണകാരിയായ നായയെ എല്ലാവരും കൂടി പിടികൂടി കെട്ടിയിടുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും നായ ചത്ത് പോയിരുന്നു.

ശേഷം വാര്‍ഡ് മെമ്പറെയും വടകര മുനിസിപ്പാലിറ്റിയിലും ആരോഗ്യവിഭാഗത്തിലും അറിയിക്കുകയായിരുന്നു. അധികൃതര്‍ വന്ന് നായയെ പരിശോധനയ്ക്കായി കണ്ണൂരിലേക്ക് കൊണ്ടുപോയി. പിടിച്ചുകെട്ടുന്നതിനിടെ നായയ്ക്ക് പേ വിഷബാധയുണ്ടെന്ന് സംശയം തോന്നിയിരുന്നുവെന്ന് ശ്രീരേഷ് പറഞ്ഞു. ആത്മധൈര്യം സംഭരിച്ച് ശ്രീരേഷ് നായയെ പിടികൂടിയത് കൊണ്ടു മാത്രമാണ് ഇന്നലെ മൂരാട് ഭാഗത്ത് തെരുവുനായയുടെ അക്രമണത്തില്‍ നിന്നും ആളുകള്‍ രക്ഷപ്പെട്ടത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് എട്ടു വയസ്സുകാരി ആഷ്മികയെ ഇന്നലെ തെരുവുനായ ആക്രമിക്കുന്നത്. കുട്ടിയുടെ ചെവിക്കും തലയ്ക്കുമാണ് കടിയേറ്റത്‌. ആഷ്മികയെ വടകര ജില്ലാ ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂരാട് ഭാഗത്ത് കഴിഞ്ഞ കുറച്ച് കാലമായി തെരുവുനായ ശല്യം രൂക്ഷമാണെന്നും, സ്‌ക്കൂളുകള്‍ തുറക്കാന്‍ ആയതോടെ നാട്ടുകാര്‍ ആശങ്കയിലാണെന്നും ശ്രീരേഷ് പറഞ്ഞു. സ്‌ക്കൂളുകളും മദ്രസകളുമൊക്കെ വിട്ട് ഒറ്റയ്ക്ക് വരുന്ന കുട്ടികളെ തെരുവുനായ അക്രമിച്ചാല്‍ എന്ത് ചെയ്യുമെന്നാണ് ശ്രീരേഷ് ചോദിക്കുന്നത്. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നും അദ്ദേഹം വടകര ഡോട് ന്യൂസിനോട് പറഞ്ഞു.