ഘനരൂപങ്ങളുടെ പ്രവര്‍ത്തന മാതൃകകളുമായി നജഫാത്തിമ പോകുന്നത് ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക്; വിദ്യാര്‍ഥിനിക്ക് ആശംസകളോടെ യാത്രയയപ്പ് നല്‍കി മേമുണ്ട ഹയര്‍സെക്കണ്ടറി സ്കൂള്‍


മേമുണ്ട: ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മേമുണ്ട സ്കൂളിന്റെ അഭിമാന താരമായി പി.നജ ഫാത്തിമ. ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന നജ ഫാത്തിമക്ക് ആശംസകളേകിക്കൊണ്ട് മേമുണ്ട സ്കൂളിൽ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ഡോ. എം.വി.തോമസ്ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മേമുണ്ട ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ നജ ഫാത്തിമയെ സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ പ്രവർത്തന മാതൃകയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക്  തിരഞ്ഞെടുത്തത്. 2024 ജനുവരി 28 മുതൽ ആന്ധ്രപ്രദേശിലെ വിജയവാഡയിൽ വച്ച് നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ പത്താം ക്ലാസ്സിലെ ഘനരൂപങ്ങൾ എന്ന പാഠഭാഗത്തിലെ സമചതുര സ്തംഭം, സമചതുര സ്തൂപിക, സമചതുര സ്തൂപിക പീഠം തുടങ്ങിയ ഘനരൂപങ്ങളുടെ ഉപരിതല പരപ്പളവുകൾ തമ്മിലുള്ള ബന്ധവും, വ്യാപ്തങ്ങൾ തമ്മിലുള്ള ബന്ധവും മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പ്രവർത്തന മാതൃകയാണ് നജഫാത്തിമ ദക്ഷിണേന്ത്യൻ ഗണിതശാസ്ത്ര മേളയിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്. മുയിപ്പോത്ത് പുതിയോട്ടിൽ വീട്ടിൽ അബ്ദുറഹിമാൻ, റയ്ഹാനത്ത് ദമ്പതിമാരുടെ മകളാണ് നജ ഫാത്തിമ.

എസിഇആര്‍ടിയും ബാഗ്ലൂർ വിശ്വേശരയ്യ ഇൻഡസ്ട്രിയൽ ടെക്നോളജി ഏന്റ് മ്യൂസിയവും അഡ്രപ്രദേശ് സർക്കാരും ചേർന്നാണ് ഈ വർഷം ജനുവരി 28 മുതൽ ഫിബ്രവരി 1 വരെ നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളക്ക് വിജയവാഡയിൽ ആദിത്യമരുളുന്നത്.

മേമുണ്ട സ്കൂൾ ഗണിത അധ്യാപകനായ പി.കെ ശരത്ത് ആണ് നജ ഫാത്തിമയുടെ ടീച്ചർ ഗൈഡ്. മുയിപ്പോത്ത് പുതിയോട്ടിൽ വീട്ടിൽ അബ്ദുറഹിമാൻ, റയ്ഹാനത്ത് ദമ്പതിമാരുടെ മകളാണ് നജ ഫാത്തിമ.
ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന നജ ഫാത്തിമക്ക് മേമുണ്ട സ്കൂളിൽ ചേർന്ന ചടങ്ങിൽ യാത്രയയപ്പ് നൽകി. ചടങ്ങ് പി ടി എ പ്രസിഡണ്ട് ഡോ: എം വി തോമസ് ഉദ്ഘാടനം ചെയ്തു. മേമുണ്ട സ്കൂൾ പ്രിൻസിപ്പാൾ ബി ബീന, ഹെഡ്മാസ്റ്റർ പി കെ ജിതേഷ്, പി ടി എ പ്രതിനിധികളായ എൻ പി സന്തോഷ്കുമാർ, ജയശ്രീ ദിലീപ്, അധ്യാപകരായ എം കെ അജിത, രജുലാൽ വിദ്യാർത്ഥിനി നജ ഫാത്തിമ എന്നിവർ ചടങ്ങിൽ സംസാരിച്ചു.