ജീവനെടുക്കുന്ന മരണപ്പാച്ചിൽ അവസാനിക്കണം: കൊയിലാണ്ടയിൽ യാത്രക്കാരിക്ക് അപകടമുണ്ടാക്കും വിധം നിയമം ലംഘിച്ച രണ്ട് ബസുകൾക്കും ഡ്രൈവർമാർക്കുമെതിരെ നടപടി, തെളിവായത് സി.സി.ടി.വി ദൃശ്യങ്ങൾ


കൊയിലാണ്ടി: കൊയിലാണ്ടിയിൽ യാത്രക്കാരിക്ക് അപകടം സംഭവിക്കും വിധം ട്രാഫിക് നിയമം ലംഘിച്ച് ബസ്സ് ഓടിച്ച ഡ്രൈവർക്കും ബസ്സിനുമെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കൊയിലാണ്ടി ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ബസിനെ അപകടകരമായി രീതിയില്‍ ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക് ചെയ്ത സംഭവത്തിലാണ് നടപടി.

ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ചിന്നൂസ് ബസിന്റെ ഡ്രൈവര്‍ വടകര സ്വദേശി ബൈജുവിന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ ജോയിന്റ് ആര്‍ടിഒ, ആര്‍ടിഒയ്ക്ക് കത്തും നല്‍കിയിട്ടുണ്ട്.

റോഡിൻറെ മധ്യഭാഗത്തായി ആളെ ഇറക്കാൻ ബസ് നിർത്തിയ ഹെവൻ ബസ്സിനും ഡ്രൈവറിനുമെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് എംവിഡിയുടെ നടപടി.

ശോഭിക ടെക്സ്റ്റൈയിൽസിനു മുന്നിൽ ബസ് വശം ചേര്‍ത്ത് നിറുത്താതെ റോഡില്‍ നിറുത്തി യാത്രക്കാരെയിറക്കി. പിന്നാലെ വന്ന ചിന്നൂസ് ബസ് ദേശീയ പാതയില്‍ നിന്നിറക്കി നിറുത്തിയ ബസിനെ ഇടത് വശത്ത് കൂടി മറികടന്നു. ഈ സമയം നിറുത്തിയ ബസില്‍ നിന്നറങ്ങിയ യാത്രക്കാരി ചിന്നൂസ് ബസിന്റെ മുന്‍പില്‍പ്പെടുകയായിരുന്നു.

ബസുകളുടെ മത്സരയോട്ടത്തിനിടെ യാത്രക്കാരി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പേടിച്ചു നിന്ന യാത്രക്കാരിയെ ഒപ്പം ഇറങ്ങിയവരാണ് അവിടെ നിന്ന് മാറ്റിയത്.