ഈ മഴയിതെവിടെ പോയി? കാലവര്‍ഷം എത്തി ഒരാഴ്ച കഴിഞ്ഞിട്ടും കേരളത്തില്‍ മഴ ശക്തിപ്പെടുന്നില്ല, രേഖപ്പെടുത്തിയത് 34 ശതമാനം കുറവ്; പ്രതീക്ഷിച്ചത്ര മഴ ലഭിച്ചത് കോഴിക്കോട് ജില്ലയില്‍ മാത്രം


കോഴിക്കോട്: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തി ഒരാഴ്ച പിന്നിട്ടിട്ടും ശക്തിപ്പെടാതെ മഴ. ഇതുവരെ പെയ്ത മഴയില്‍ 34 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ മാസത്തിന്റെ പകുതി വരെയെങ്കിലും ഇതേ രീതിയിലായിരിക്കും മഴ എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.

കോഴിക്കോട് ജില്ലയില്‍ മാത്രമാണ് പ്രതീക്ഷിച്ച അത്രയും മഴ ലഭിച്ചത്. മറ്റെല്ലാ ജില്ലകളിലും പരിമിതമായ മഴയേ ലഭിച്ചിട്ടുള്ളൂ. പാലക്കാട്, വയനാട്, കാസര്‍കോഡ് ജില്ലകളിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം രാത്രികാലങ്ങളില്‍ കാറ്റും മഴയും ഇടിമിന്നലും അനുഭവപ്പെടുന്നതും ഈ മണ്‍സൂണ്‍ കാലത്തിന്റെ ആദ്യ ദിവസങ്ങളിലെ പ്രത്യേകതയാണിത്. കൂമ്പാര മേഘങ്ങള്‍ ഉണ്ടാകുന്നതിനാലാണ് ഈ മാറ്റമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്. ജൂണ്‍ പകുതി വരെയെങ്കിലും കേരളത്തില്‍ മഴ കുറയാനാണ് സാധ്യത. ഇടവിട്ട് മഴകിട്ടുമെങ്കിലും നിരന്തരമായിട്ടുള്ള മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യത കുറവാണ്.