കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ മേപ്പയ്യൂരിൽ മെയ് 29 ന് എൽ.ഡി.എഫ് ധർണ
മേപ്പയ്യൂർ: വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കുമെതിരെ ഇടതു പാർട്ടികൾ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മേപ്പയ്യൂരിൽ എൽ.ഡി എഫ് പ്രതിഷേധ ധർണ്ണ നടത്തും. മെയ് 29 ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ധർണ്ണയുടെ വിജയകരമായ നടത്തിപ്പിനായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.
സംഘാടക സമിതി രൂപീകരണ യോഗം സി.പി.എം ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. പി.ബാലൻ അധ്യക്ഷനായി. കെ.ടി.രാജൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, എം.കെ.രാമചന്ദ്രൻ, പി.പി.രാധാകൃഷ്ണൻ, കെ.രാജീവൻ, സുനിൽ ഓടയിൽ, മേലാട്ട് നാരായണൻ, കെ.വി.നാരായണൻ, എ.ടി.സി.അമ്മത് തുടങ്ങിയവർ സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികളായി ഭാസ്കരൻ കൊഴുക്കല്ലൂർ (ചെയർമാൻ), എ.ടി.സി.അമ്മത്, പി.പി.രാധാകൃഷ്ണൻ, കെ.രാജീവൻ (വൈസ് ചെയർമാന്മാർ), കെ.ടി.രാജൻ (കൺവീനർ), സുനിൽ ഓടയിൽ, മേലാട്ട് നാരായണൻ (ജോയിന്റ് കൺവീനർമാർ), എം.കെ.രാമചന്ദ്രൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.