ട്രെയിനില്‍ നിന്ന് വീണ വയോധികനെ ഓടിയെത്തി താങ്ങിപ്പിടിച്ച് രക്ഷിച്ചു; കടിയങ്ങാട് സ്വദേശി സജീറിന് അഭിനന്ദന പ്രവാഹം


പേരാമ്പ്ര: ട്രെയിനില്‍ നിന്ന് വീണ വയോധികനെ രക്ഷിച്ച കടിയങ്ങാട് സ്വദേശിക്ക് അഭിനന്ദന പ്രവാഹം. കര്‍ണ്ണാടകയിലെ ഉടുപ്പി റെയില്‍വേ സ്റ്റേഷനിലാണ് സംഭവമുണ്ടായത്.

റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താനായി വന്നു കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനായിരുന്നു അപകടത്തില്‍പെട്ട വയോധികന്‍. ട്രെയിനില്‍ നിന്ന് വീണ വയോധികന്‍ വാതിലില്‍ തൂങ്ങി ജീവിതത്തിനും മരണത്തിനുമിടയിലായിരുന്നു.

ഈ കാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരന്‍ സജീര്‍ ദൂരെ നിന്നും കണ്ടു. ഉടന്‍ തന്നെ വയോധികനടുത്തേക്ക് സജീര്‍ ഓടിയെത്തുകയും അദ്ദേഹത്തെ താങ്ങിപ്പിടിക്കുകയും ചെയ്തു. തുടര്‍ന്ന് ട്രെയിന്‍ നില്‍ക്കുന്നത് വരെ വയോധികനെ താങ്ങിപ്പിടിച്ച് ട്രെയിനിനൊപ്പം ഓടി.

സജീറിന്റെ ധൈര്യത്തെയും ധീരതയെയും സഹജീവിയോടുള്ള സ്‌നേഹത്തെയും അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഒരുമ റസിഡന്‍സ് അസോസിയേഷന്‍, പ്രവാസി കൂട്ടായ്മ ‘തമാം ഗ്രൂപ്പ്’, തണല്‍-കരുണ കടിയങ്ങാട് യൂണിറ്റ്, കല്ലൂര്‍ പൗരാവലി ഭാരവാഹികള്‍ തുടങ്ങിയവര്‍ സജീറിനെ അഭിനന്ദനമറിയിച്ചു.

ലൈവ് മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന പാമ്പന്‍കുനി സൂപ്പിയുടെയും പാറക്കടവത്ത് സുബൈദയുടെയും മകനാണ് സജീര്‍. ഭാര്യ ജാസ്മിന്‍ (നടുവണ്ണൂര്‍). മുഹമ്മദ് ബാക്കിര്‍, ഖദീജ എന്നിവരാണ് മക്കള്‍. സുനീറയും സജ്‌നയുമാണ് സഹോദരങ്ങള്‍. 2014 മുതല്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്ന സജീര്‍ മുംബൈ, ഹൈദരാബാദ്, ഉഡുപ്പി എന്നീ സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. കൂത്താളി എ.യു.പി സ്‌കൂള്‍, വെള്ളിയൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ച അദ്ദേഹം എംകോമിന് ശേഷമാണ് റെയില്‍വേ ജോലിയില്‍ പ്രവേശിച്ചത്.